പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

Top News

എകരൂല്‍: ഉണ്ണികുളം പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.ചെത്തിലപ്പൊയില്‍ തെങ്ങിന് കുന്നുമ്മല്‍ അര്‍ച്ചനയാണ് (15) മരിച്ചത്. നന്മണ്ട ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. എകരൂല്‍ നെല്ലുളിക്കോത്ത് പ്രസാദിന്‍റെയും സചിത്രയുടെയും മകളാണ്.
അര്‍ച്ചനയുടെ മാതാപിതാക്കള്‍ അകന്നു കഴിയുകയാണ്. മരിച്ച അര്‍ച്ചനയും ഇളയ സഹോദരങ്ങളും അമ്മയുടെ കൂടെ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് നിര്‍മിച്ച ഷെഡിലാണ് താമസം. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അറ്റന്‍ഡറായി ജോലി ചെയ്യുന്ന അമ്മ സചിത്ര രാവിലെ ജോലിക്ക് പോയിരുന്നു. അച്ഛന്‍റെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ചാണ് അര്‍ച്ചനയും സഹോദരങ്ങളും സ്കൂളില്‍ പോകാറുള്ളത്.പതിവുപോലെ ഉച്ചഭക്ഷണവും പുസ്തകങ്ങളും എടുത്ത് സ്കൂളിലേക്ക് എന്ന് പറഞ്ഞാണ് അച്ഛന്‍റെ വീട്ടില്‍ നിന്ന് അര്‍ച്ചന പുറപ്പെട്ടത്. അമ്മയുടെ വീട്ടില്‍ മറന്നുപോയ പുസ്തകം എടുക്കാന്‍ ഉണ്ടെന്ന് കുട്ടി പറഞ്ഞിരുന്നു. രാവിലെ 9 മണിയോടെ ഇവര്‍ താമസിക്കുന്ന ഷെഡ് ആളിക്കത്തുന്നതാണ് അയല്‍വാസികള്‍ കാണുന്നത്. വെള്ളമൊഴിച്ച് തീക്കെടുത്തി അകത്ത് പ്രവേശിക്കുമ്ബോഴേക്കും അര്‍ച്ചന മരിച്ചിരുന്നു.
കോഴിക്കോട് റൂറല്‍ എസ്.പി കറുപ്പ സ്വാമിയുടെ മേല്‍നോട്ടത്തില്‍ ജില്ല ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി .ആര്‍. ഹരിദാസ്, ബാലുശ്ശേരി എസ്. എച്ച്.ഒ എം.കെ. സുരേഷ് കുമാര്‍, എസ് .ഐ എന്‍. സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. ഫോറന്‍സിക് വിദഗ്ധര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു തെളിവുകള്‍ ശേഖരിച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.സഹോദരങ്ങള്‍: സ്നേഹദാസ് (കമ്ബ്യൂട്ടര്‍ വിദ്യാര്‍ഥി), ഹൃദിക് (നാലാം ക്ലാസ് വിദ്യാര്‍ഥി ഉണ്ണികുളം ജി.യു.പി സ്കൂള്‍) ഹൃദുല്‍ ദേവ് (എല്‍.കെ.ജി വിദ്യാര്‍ഥി ക്രസന്‍റ് ഇംഗ്ലീഷ് സ്കൂള്‍ എകരൂല്‍).

Leave a Reply

Your email address will not be published. Required fields are marked *