പത്തനംതിട്ട: പത്തനംതിട്ടയില്‍ വീണ്ടും മുങ്ങി മരണം. വ്യത്യസ്ത സംഭവങ്ങളിലായി രണ്ടു വിദ്യാര്‍ഥികള്‍ അടക്കം നാലു പേര്‍ മുങ്ങിമരിച്ചു. തിരുവല്ല മല്ലപ്പള്ളിയില്‍ മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു. തിരുനെല്‍വേലി സ്വദേശികളായ കാര്‍ത്തിക് (15) ശബരീനാഥ് (15) എന്നിവരാണ് മരിച്ചത്.
മല്ലപ്പള്ളിയില്‍ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു ഇവര്‍. മറ്റു മൂന്നുകുട്ടികളോടൊപ്പം ഇന്നലെ ഉച്ചയ്ക്ക് മൂന്നര മണിയോടെയാണ് ഇവര്‍ കുളിക്കാന്‍ ഇറങ്ങിയത്.വടക്കന്‍ കടവിലെ കയത്തില്‍ ഒഴുക്കില്‍ പെടുകയായിരുന്നു. പ്രദേശവാസികള്‍ രണ്ടു കുട്ടികളെയും കരയ്ക്ക് എത്തിച്ചു. മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മറ്റൊരു സംഭവത്തില്‍ രണ്ടു യുവാക്കളാണ് മുങ്ങിമരിച്ചത്.കൈപ്പട്ടൂര്‍ പരുമല കുരിശു കടവ് അച്ചന്‍കോവിലാറ്റില്‍ ആണ് ഇവര്‍ ഒഴുക്കില്‍ പെട്ടത്. ഏനാത്ത് സ്വദേശി വിശാഖ്, ഏഴംകുളം സ്വദേശി സുജീഷ് എന്നിവരാണ് മരിച്ചത്.അഗ്നിശമന സേനയെത്തി ഇവരെ കരയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സമീപകാലത്തായി പത്തനംതിട്ട ജില്ലയില്‍ മുങ്ങിമരണം വര്‍ദ്ധിച്ചുവരികയാണ്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ടു ജീവന്‍ നഷ്ടമായത്.