പതിമൂന്ന് ദിവസത്തിനു ശേഷം പ്രവാസി മലയാളിയുടെ മൃതദേഹം വിട്ടുനല്‍കി

Top News

ദുബായ്: പതിമൂന്ന് ദിവസത്തെ കാത്തിരിപ്പിന് ശേഷം ദുബായ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന പ്രവാസി മലയാളിയുടെ മൃതദേഹം വിട്ടുനല്‍കി. ഗുരുവായൂര്‍ കാരക്കാട് വള്ളിക്കാട്ടുവളപ്പില്‍ സുരേഷ് കുമാറിന്‍റെ (59) മൃതദേഹമാണ് വിട്ടു നല്‍കിയത്. തിങ്കളാഴ്ച രാവിലെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. രാവിലെ ആറ് മണിയ്ക്ക് ഷാര്‍ജ-കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് ഫ്ളൈറ്റിലാണ് മൃതദേഹം കൊണ്ടുപോവുക.
ആശുപത്രിയില്‍ അടയ്ക്കേണ്ടിയിരുന്ന മുഴുവന്‍ തുകയും അധികൃതര്‍ വേണ്ടെന്ന് വച്ചതോടെയാണ് മൃതദേഹം വിട്ടുനല്‍കിയത്. 4,59,000 രൂപ അടയ്ക്കാന്‍ ബാക്കിയുള്ളതിനാലാണ് ആശുപത്രിയില്‍ നിന്ന് മൃതദേഹം വിട്ടുകൊടുക്കാതിരുന്നത്. ഇന്നലെ വൈകുന്നേരം മൃതദേഹം ആശുപത്രിയില്‍ നിന്ന് മുഹൈസിനയിലെ മെഡിക്കല്‍ ഫിറ്റ്നസ് സെന്‍ററിലേക്ക് മാറ്റി.
ഏപ്രില്‍ അഞ്ചിന് പനി ബാധിച്ചതിനെ തുടര്‍ന്ന് സുഹൃത്തിനൊപ്പം ആശുപത്രിയിലെത്തിയ സുരേഷിന് ന്യുമോണിയ സ്ഥിരീകരിക്കുകയായിരുന്നു. സംസാരിക്കാന്‍ കഴിയാതെ വന്നു. 14 ദിവസം വെന്‍റിലേറ്ററില്‍ ആയിരുന്നു. ഏപ്രില്‍ 22ന് സുരേഷ് കുമാര്‍ ദുബായിലെ സൗദി ജര്‍മ്മന്‍ ഹോസ്പിറ്റിലില്‍ വെച്ച് മരിച്ചു. ആശുപത്രിയില്‍ പോകുന്നതിനു മുന്‍പ് സുരേഷ്കുമാര്‍ വീട്ടിലേക്ക് വിളിച്ചിരുന്നു. രണ്ടാഴ്ച കഴിഞ്ഞാല്‍ നാട്ടില്‍ എത്തുമെന്ന് മകളെ അറിയിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *