വിട പറഞ്ഞത് സന്തൂറിനെ ലോകപ്രശസ്തിയിലേക്ക് ഉയര്‍ത്തിയ സംഗീതജ്ഞന്‍
മുംബയ് : പ്രശസ്ത സംഗീത സംവിധായകനും സന്തൂര്‍ വാദകനുമായിരുന്ന പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ (84) അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വൃക്കരോഗ ബാധയെ തുടര്‍ന്ന് ആറുമാസത്തോളമായി ചികിത്സയിലായിരുന്നു.സന്തൂര്‍ എന്ന അധികമാര്‍ക്കും അറിയാതിരുന്ന വാദ്യോപകരണത്തെ ലോക പ്രശസ്തമാക്കിയത് ഇദ്ദേഹമാണ്.
ഭോപ്പാലില്‍ അടുത്തമാസം കച്ചേരി അവതരിപ്പിക്കാനിരിക്കവേയാണ് മരണം സംഭവിച്ചത്.1938 ജനുവരി 13ന് ജമ്മുവിലാണ് ശിവ്കുമാര്‍ ശര്‍മ ജനിച്ചത്. ശാന്താറാമിന്‍റെ ജനക് ജനക് പായല്‍ ബജേ എന്ന ചിത്രത്തില്‍ പശ്ചാത്തല സംഗീതമൊരുക്കിയാണ് സിനിമയിലേക്കുള്ള വരവ് അറിയിച്ചത്. 1967ല്‍ പുല്ലാങ്കുഴല്‍ വാദകനായ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയും ബ്രിജ് ഭൂഷന്‍ കാബ്രയും ശിവ്കുമാര്‍ ശര്‍മയുമായി ചേര്‍ന്ന് പുറത്തിറക്കിയ കോള്‍ ഒഫ് ദ വാലി എന്ന സംഗീത ആല്‍ബം ഏറെ ശ്രദ്ധിക്കപ്പെട്ടു.
1991 ല്‍ പത്മശ്രീ, 2001ല്‍ പത്മഭൂഷണ്‍ ബഹുമതികള്‍ നല്‍കി രാജ്യം ആദരിച്ചു. സിത്താര്‍ വാദകയായ മനോരമ ശര്‍മയാണ് ഭാര്യ. പ്രശസ്ത സന്തൂര്‍ വാദകന്‍ രാഹുല്‍ ശര്‍മയും രോഹിത് ശര്‍മയും മക്കളാണ്. ഫോക്സ് ഫിലിംസില്‍ രാജ്യാന്തര റിലീസിംഗ് വിഭാഗം തലവനാണ് രോഹിത്.