ന്യൂഡല്‍ഹി: കഥക് നൃത്തത്തിലെ ഇതിഹാസം പണ്ഡിറ്റ് ബിര്‍ജു മഹാരാജ് (83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വവസതിയിലായിരുന്നു അന്ത്യം.കൊച്ചുമക്കള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു അദ്ദേഹം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വൃക്കരോഗം കണ്ടെത്തി ഡയാലിസിസ് ചെയ്തു വരികയായിരുന്നു.കഥക് നര്‍ത്തകരുടെ മഹാരാജ് കുടുംബത്തിലെ പിന്‍ഗാമിയാണ് ബിര്‍ജു.
അദ്ദേഹത്തിന്‍റെ അമ്മാവന്‍മാരയ ശംഭു മഹാരാജ്, ലച്ചു മഹാരാജ്, പിതാവും ഗുരുവുമായ അച്ഛന്‍ മഹാരാജ് എന്നിവരും കഥക് കലാകാരന്‍മാരായിരുന്നു.കഥക്കിനെ ലോകവേദിയിലെത്തിച്ച പ്രതിഭയാണ് ബിര്‍ജു. 1986ല്‍ രാജ്യം പത്മവിഭൂഷന്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. കഥക്കിന് പുറമേ ഒരു ഡ്രമ്മര്‍ കൂടിയായിരുന്നു അദ്ദേഹം. തബലയും അദ്ദേഹം വായിക്കുമായിരുന്നു. തുംരി, ദാദ്ര, ഭജന്‍, ഗസല്‍ എന്നിവയില്‍ പ്രാവീണ്യം നേടിയ ബിര്‍ജു ഒരു മികച്ച ഗായകന്‍ കൂടിയായിരുന്നു.