കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിച്ച പ്രതിയുടെ ആക്രമണത്തില്‍ വനിതാ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാരുടെ പണിമുടക്ക് ഇന്ന് രാവിലെ എട്ടു മണി വരെ തുടരും.സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ മുഴുവന്‍ ഡോക്ടര്‍മാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. അത്യാഹിത വിഭാഗങ്ങളില്‍ മാത്രമാണ് ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നത്.
ഐഎംഎ, കെജിഎംഒഎ സംഘടനകള്‍ ആഹ്വാനം ചെയ്ത പ്രതിഷേധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ തെരുവിലിറങ്ങി. പല ആശുപത്രികളിലും അത്യാസന്ന വിഭാഗം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളു. കൊട്ടാരക്കരയ്ക്ക് പുറമെ കോഴിക്കോട്ടും കണ്ണൂരുമടക്കം മുതിര്‍ന്ന ഡോക്ടര്‍മാരുള്‍പ്പെടെ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു.
രോഗിയുടെ പരുക്ക് ചികിത്സിക്കാന്‍ ശ്രമിച്ചതിനാണ് ഡോക്ടര്‍ക്ക് മരണശിക്ഷ ലഭിച്ചത്. ആശുപത്രികള്‍ സുരക്ഷാ മേഖലയായി പ്രഖ്യാപിക്കണമെന്നത് നേരത്തെയും ഡോക്ടര്‍മാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഇതുവരെയും അതുണ്ടായില്ല. ഡോക്ടര്‍മാര്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. സര്‍ക്കാരിന്‍റെ മുന്നിലിക്കാര്യം നിരവധിത്തവണ അവതരിപ്പിച്ചിട്ടും ഗൗരവത്തിലെടുത്തില്ല. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷയൊരുക്കേണ്ടത് അത്യാവശ്യമാണ്. പൊലീസ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കിയേ മതിയാകൂവെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.