ആലപ്പുഴ: ടി.ജി നന്ദകുമാറില്‍ നിന്നും പത്ത് ലക്ഷം രൂപ വാങ്ങിയത് സ്വന്തം പേരിലുള്ള എട്ട് സെന്‍റ് ഭൂമി വില്‍പനയ്ക്ക് വേണ്ടിയെന്ന് ബി.ജെ.പി നേതാവും ആലപ്പുഴ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ ശോഭാസുരേന്ദ്രന്‍.വസ്തു രജിസ്റ്റര്‍ ചെയ്ത് വാങ്ങാന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും ടി. ജി നന്ദകുമാര്‍ ചെയ്തില്ലെന്നും ശോഭ ചൂണ്ടിക്കാട്ടി.തന്‍റെ സഹോദരിയുടെ ഭര്‍ത്താവിന്‍റെ കാന്‍സര്‍ ചികിത്സാ സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ സമയത്ത് തന്‍റെ പേരിലുള്ള എട്ട് സെന്‍റ് വാങ്ങാമോ എന്ന് നന്ദകുമാറിനോട് ചോദിച്ചു. നന്ദകുമാര്‍ ഇത് സമ്മതിച്ച് 10 ലക്ഷം പണമായി തരാമെന്നും പറഞ്ഞു. പക്ഷെ അക്കൗണ്ട് വഴി മതിയെന്ന് താന്‍ പറഞ്ഞു. ഈ ഭൂമിയിടപാടിന്‍റെ അഡ്വാന്‍സായാണ് തുക വാങ്ങിയതെന്നാണ് ശോഭയുടെ വിശദീകരണം. ഭൂമി വാങ്ങാമെന്ന് പറഞ്ഞ് വഞ്ചിച്ചത് കൊണ്ടാണ് താന്‍ അഡ്വാന്‍സ് തുക തിരികെ നല്‍കാത്തത്. ഭൂമി ആര്‍ക്കും ഇത് വരെ വിറ്റിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി നേതാവ് അനില്‍ ആന്‍റണി, ശോഭ സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ ടി.ജി. നന്ദകുമാര്‍ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആക്ഷേപം ഉന്നയിച്ചത്. ശോഭയ്ക്ക് പത്ത് ലക്ഷം രൂപ നല്‍കിയതിന്‍റെ രേഖയെന്ന് അവകാശപ്പെട്ട് ഒരു ബാങ്ക് രസീതും നന്ദകുമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.