കോഴിക്കോട്: കോവിഡ് മൂലം പഠനവിടവ് നേരിട്ട കുട്ടികള്‍ക്ക് പ്രത്യേക പാക്കേജ് നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ബേപ്പൂര്‍ നിയോജകമണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഗവ. ഫറോക്ക് ഗണപത് സ്കൂളില്‍ നടന്ന മണ്ഡലംതല വിദ്യാഭ്യാസ യോഗം ‘ഫ്യൂച്ചര്‍’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് നടന്ന ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്കും രക്ഷിതാക്കളുടെ ഇടപെടലുകള്‍ ശരിയായ രീതിയില്‍ ലഭിക്കാത്തതിനാലും വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പഠനവിടവ് നേരിട്ടവര്‍ക്കായി ഏപ്രില്‍ മെയ് മാസങ്ങളില്‍ ‘ഫില്‍ ഇന്‍ ദ ബ്ലാങ്ക്സ്’ എന്ന പേരില്‍ പ്രത്യേക പഠന പരിപോഷണ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. അതോടൊപ്പം തന്നെ മണ്ഡലത്തിലെ സ്കൂളുകളിലെ പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി അവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനും ഉന്നത പഠനത്തിനുമായും പ്രത്യേക പാക്കേജ് നടപ്പാക്കും. അധ്യാപകര്‍ക്ക് പ്രൊഫഷണല്‍ പരിശീലന സൗകര്യമൊരുക്കാന്‍ നടപടികള്‍ സ്വീകരിക്കും. ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് കായികവിദ്യാഭ്യാസം നല്‍കുന്നതിനായി ഫിറ്റ്നസ് സെന്‍ററുകള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
2022 മുതല്‍ 2026 വരെ നീണ്ടു നില്‍ക്കുന്ന സമഗ്രമായ വിദ്യാഭ്യാസ പദ്ധതിയാണ് ‘ഫ്യൂച്ചര്‍’. ഇതിന്‍റെ ഭാഗമായി ഹ്രസ്വവും ദീര്‍ഘവുമായ നിരവധി വിദ്യഭ്യാസ പദ്ധതികള്‍ക്ക് യോഗത്തില്‍ ആസൂത്രണം ചെയ്തു. ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികള്‍, സ്കൂള്‍ മാനേജര്‍മാര്‍, പ്രധാന അധ്യാപകര്‍, പ്രിന്‍സിപ്പല്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.