പടക്കം നിരോധിക്കുന്നത് ഏതെങ്കിലും സമൂഹത്തിന് എതിരല്ലെന്ന് സുപ്രീംകോടതി

Latest News

ന്യൂഡല്‍ഹി: പടക്കം പൊട്ടിക്കല്‍ നിരോധിക്കുന്നത് ഏതെങ്കിലും സമൂഹത്തിന് എതിരല്ലെന്നും വിനോദത്തിന്‍െറയും ആസ്വാദനത്തിന്‍െറയും പേരില്‍ പൗരന്മാരുടെ അവകാശങ്ങള്‍ ഹനിക്കാന്‍ സമ്മതിക്കില്ലെന്നും സുപ്രീകോടതി. അന്തരീക്ഷ മലിനീകരണം തടയുന്നതിനായി രാജ്യത്താകമാനം പടക്കംപൊട്ടിക്കലും വില്‍പനയും നിരോധിക്കണമെന്ന ഹരജിയിലാണ് വിധി. ഡല്‍ഹിയില്‍ 2022 ജനുവരി ഒന്നുവരെ പടക്കത്തിന് പൂര്‍ണനിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏതാനും സംസ്ഥാനങ്ങളിലും നിരോധനമുണ്ട്. തങ്ങളുടെ ഉത്തരവ് പൂര്‍ണതോതില്‍ നടപ്പാക്കണമെന്നും എം.ആര്‍. ഷാ, എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവന്‍ വെച്ച് കളിക്കാന്‍ പടക്കനിര്‍മാതാക്കളെ അനുവദിക്കില്ല. തങ്ങള്‍ ഇവിടെയിരിക്കുന്നത് ജനങ്ങളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാനാണെന്നും കോടതി പറഞ്ഞു. കോടതിയലക്ഷ്യം നടത്തിയതിന് ശിക്ഷിക്കപ്പെടാതിരിക്കാന്‍ ആറു പടക്കനിര്‍മാതാക്കള്‍ കാരണം കാണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സമ്പൂര്‍ണനിരോധം ഏര്‍പ്പെടുത്തണമെന്ന ആവശ്യം കോടതി നേരത്തേ തള്ളിയിരുന്നു. അംഗീകൃത വ്യാപാരികളില്‍നിന്ന് ഹരിത പടക്കങ്ങള്‍ മാത്രം വാങ്ങാനുള്ള അനുമതിയും കോടതി നല്‍കിയിരുന്നു. സാധാരണ പടക്കങ്ങളേക്കാള്‍ 30 ശതമാനം മലിനീകരണതോത് കുറഞ്ഞവയാണ് ഹരിത പടക്കങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *