ചണ്ഡീഗഡ്: പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമിറ്റി (പിപിസിസി) തലവന്‍ നവജ്യോത് സിംഗ് സിദ്ദു ഇന്ന് രാജി സമര്‍പിച്ചു.
അടുത്തിടെ നടന്ന അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിസിസികളുടെ പുനഃസംഘടന സുഗമമാക്കുന്നതിന് ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ പിസിസി അധ്യക്ഷന്മാരോട് രാജിവെക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സിദ്ദുവിന്‍റെ രാജി.സോണിയാ ഗാന്ധിയുടെ നിര്‍ദേശപ്രകാരം ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗണേഷ് ഗോഡിയാലും നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ പരാജയത്തിന്‍റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി സമര്‍പിച്ചു.നിയമസഭാ തെരഞ്ഞെടുപ്പില്‍ അമൃത്സര്‍ ഈസ്റ്റ് സീറ്റില്‍ ആം ആദ്മി പാര്‍ടിയുടെ ജീവന്‍ജ്യോത് കൗറിനോടാണ് സിദ്ദു പരാജയപ്പെട്ടത്. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അന്നത്തെ മുഖ്യമന്ത്രി കാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്‍റെ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടാനിടയാക്കിയത് സിദ്ദുവിന്‍റെ സമ്മര്‍ദത്തിലാണ്. അന്ന് അമരീന്ദര്‍ സിങ്ങിനെ പുറത്താക്കാന്‍ സിദ്ദു കളിച്ച നാടകം എല്ലാവരും കണ്ടതാണ്. രാജിവയ്ക്കാന്‍ വരെ അദ്ദേഹം സന്നദ്ധത കാട്ടിയിരുന്നു.പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍, 117 സീറ്റുകളുള്ള പഞ്ചാബ് നിയമസഭയില്‍ 92 സീറ്റുകള്‍ നേടിയ ആം ആദ്മി പാര്‍ടി (എഎപി) കോണ്‍ഗ്രസ് സര്‍കാരിനെ അട്ടിമറിച്ചാണ് അധികാരത്തിലെത്തിയത്. ഉത്തര്‍പ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ തീരെ മോശം പ്രകടനമാണ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്. ഇത് സംഘടനയ്ക്കുള്ളില്‍ നിന്ന് നേതൃമാറ്റത്തിനുള്ള ആഹ്വാനത്തിന് കാരണമായി.പിന്നാലെ കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ പിസിസികളുടെ പുനഃസംഘടന സുഗമമാക്കുന്നതിനായി ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ പിസിസി അധ്യക്ഷന്മാരോട് രാജിവെക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നിര്‍ദേശിച്ചതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വിറ്റെറിലൂടെ ചൊവ്വാഴ്ച അറിയിച്ചു. ഈ ആഴ്ച ആദ്യം ജി23 ഗ്രൂപിലെ നേതാക്കള്‍ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന്‍റെ വസതിയില്‍ യോഗം ചേര്‍ന്ന് നേതൃമാറ്റം ആവശ്യപ്പെട്ടിരുന്നു.