ന്യൂഡല്‍ഹി : പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷനായി നവജ്യോത് സിംഗ് സിദ്ദു തുടരും. ഹൈക്കമാന്‍ഡ് എന്തു തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് സിദ്ദു
ഹൈക്കമാന്‍ഡുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം വ്യക്തമാക്കി. പാര്‍ട്ടി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പഞ്ചാബിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് എന്നിവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ച ഉണ്ടാകുമെന്ന് ഹരീഷ് റാവത്ത് അറിയിച്ചു.കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ എന്തു തീരുമാനമെടുത്താലും അത് പഞ്ചാബിന്‍റെ നന്മയ്ക്കു വേണ്ടിയാകുമെന്ന് പൂര്‍ണ വിശ്വാസമുണ്ടെന്ന് സിദ്ദു വ്യക്തമാക്കി. ഏതാനും വിഷയങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നിയും സിദ്ദുവും ചര്‍ച്ച നടത്തിയെന്നും വൈകാതെ പരിഹാരം ഉരുത്തിരിയുമെന്നും ഹരീഷ് റാവത്തിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു