അമൃത്സര്‍: പുതിയ പഞ്ചാബ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ചരണ്‍ജിത് സിംഗ് ചന്നിയ്ക്ക് ആശംസകളുമായി മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. ചരണ്‍ജിത് സിംഗ് ചന്നിക്ക് എന്‍റെ ആശംസകള്‍. അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബിനെ സുരക്ഷിതമായി നിലനിര്‍ത്താനും അതിര്‍ത്തിക്കപ്പുറത്തുനിന്ന് വര്‍ധിച്ചുവരുന്ന സുരക്ഷാ ഭീഷണികളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാനും അദ്ദേഹത്തിന് കഴിയട്ടെയെന്നും സന്ദേശത്തില്‍ പറഞ്ഞു. പഞ്ചാബില്‍ നാടകീയ മാറ്റത്തിനൊടുവിലാണ് ദളിത് നേതാവ് ചരണ്‍ജിത് ചന്നി(48)ക്കു പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം ലഭിച്ചത്. ഞായറാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗമാണു ചന്നിയെ നേതാവായി തെരഞ്ഞെടുത്തത്. ചന്നി ഇന്നു രാവിലെ 11ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. അമരീന്ദര്‍ സിംഗ് മന്ത്രിസഭയില്‍ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു അദ്ദേഹം. പിസിസി അധ്യക്ഷന്‍ നവജ്യോത് സിദ്ദുവിന്‍റെ ഉറ്റ അനുയായി ആണ് ചന്നി.