തിരൂര്‍ :സര്‍ക്കാര്‍ ഒരു വര്‍ഷം മുമ്പ് ഏറെ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന കിലോക്ക് 34 രൂപയ്ക്ക് പച്ചത്തേങ്ങ സംഭരണം എന്ന പദ്ധതി കര്‍ഷകര്‍ വളരെ ആവേശപൂര്‍വ്വമാണ് സ്വീകരിച്ചത് .എന്നാല്‍ നാളികേരം നല്‍കിയ കര്‍ഷകര്‍ക്ക് മൂന്നുമാസം കഴിഞ്ഞിട്ടും പണം ലഭിക്കാത്തതില്‍ വളരെയധികം കഷ്ടപ്പെടുകയാണെന്ന്നാളികേര ഫെഡറേഷന്‍ ഉള്‍പ്പെടെ ഏജന്‍സികളുടെ ഭാരവാഹികള്‍ പറയുന്നു.
അതേപോലെതന്നെ സംഭരണം ഏറ്റെടുത്ത സര്‍ക്കാര്‍ ,സര്‍ക്കാര്‍ ഇതര ഏജന്‍സികള്‍ക്കും ഒരു വര്‍ഷമായി കൈകാര്യ തുക അഥവാ ഹാന്‍ഡ് ലിംഗ് ചാര്‍ജ് ലഭിച്ചിട്ട് . ഒരു മാസം 40,000 മുതല്‍ 45,000 ത്തിനും ഇടയ്ക്ക് രൂപ ചെലവ് വരുന്നുണ്ട് ഏജന്‍സികള്‍ക്ക് . റൂമിന്‍റെ വാടക ,താല്‍ക്കാലിക ജീവനക്കാരുടെ വേതനം, കയറ്റ കൂലി മറ്റു സാമഗ്രികള്‍ അടക്കം ഇത്രയും തുക ഓരോ മാസവും ചെലവഴിക്കേണ്ടി വരുന്നുണ്ട്. ഈ സംഖ്യ തല്‍ക്കാലികമായി കമ്മിറ്റി ഭാരവാഹികളുടെ കയ്യില്‍ നിന്നും മറ്റും എടുത്താണ് ചെലവഴിക്കുന്നത്. ഓണത്തിന് മുമ്പ് ഈ കുടിശിക എല്ലാം തന്നെ കൃഷിക്കാര്‍ക്കും ഏജന്‍സികള്‍ക്കും കൊടുത്തു തീര്‍ക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് .എന്നാല്‍ ഒന്നും നടന്നില്ല. ജൂണ്‍ 15ന് ശേഷമുള്ള തുക ഇതുവരെ കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല.
ഒരു വര്‍ഷം കഴിഞ്ഞാല്‍ കൃഷിക്കാര്‍ അവരുടെ അപേക്ഷ പുതുക്കണം എന്നാണ് നിയമം. എന്നാല്‍ കര്‍ഷകരോട് അപേക്ഷ പുതുക്കാന്‍ പറയുമ്പോള്‍ പല ആളുകളും പിന്‍വാങ്ങി പോവുകയാണ്. കാരണം സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം മൂന്നും നാലും മാസങ്ങള്‍ വൈകി തുക കിട്ടുക എന്നത് വളരെയധികം പ്രയാസം സൃഷ്ടിച്ചിരിക്കയാണ്. പ്രത്യേകിച്ചും തെങ്ങിന് വളപ്രയോഗം നടത്തുന്ന ഈ സമയത്ത് . മൂന്ന് നാല് മാസം കാത്തിരുന്നാണ് സര്‍ക്കാരിന്‍റെ 34 രൂപയ്ക്കുള്ള തുക ലഭിക്കുകയുള്ളൂ .അതിലും ഭേദം പുറത്തു 24 രൂപക്ക്കൊടുക്കുകയാണ് നല്ലത് എന്ന് പറഞ്ഞുകൊണ്ട് പല അപേക്ഷകരും ഇതില്‍ നിന്നും പിന്തിരിഞ്ഞു പോവുകയാണ്.അതോടൊപ്പം തന്നെ പച്ചത്തേങ്ങ സംഭരണത്തിന്‍റെ കൈകാര്യത്തുക ലഭിക്കുന്ന കാര്യത്തില്‍ വ്യക്തത ഇല്ലെങ്കില്‍ സംഭരണം നിര്‍ത്തലാക്കേണ്ടി വരുമെന്നാണ് ഏജന്‍സികളുടെ ഭാരവാഹികള്‍ പറയുന്നത് .ഇതിനകം തന്നെ വെട്ടം തുടങ്ങിയ കൃഷിഭവനകളില്‍ സംഭരണം നിര്‍ത്തി കഴിഞ്ഞു.
അതുകൊണ്ടുതന്നെ അവിടങ്ങളിലുള്ള കര്‍ഷകര്‍ തൊട്ടടുത്ത സംഭരണ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ടി വരികയാണ് . എന്നാല്‍ ഇപ്പോള്‍ തന്നെ പലയിടങ്ങളിലും 2024ജനുവരി ക്ക്ശേഷമാണ് ബുക്കിംഗ് കൊടുക്കുന്നത് .ഇതും കര്‍ഷകരെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രയാസം സൃഷ്ടിച്ചിരിക്കയാണ്.ഒരു ആഴ്ചയില്‍പത്ത് ടണ്ണില്‍ കൂടുതല്‍ ഒരു കാരണവശാലും എടുക്കരുത് എന്നാണ് നിര്‍ദേശം.
തന്‍മൂലം കര്‍ഷകര്‍ക്ക് മൂന്നുംനാലും മാസം കഴിഞ്ഞാണ് നാളികേരം കൊടുക്കാന്‍ പോലും സാധിക്കുന്നത് .അങ്ങനെ കൊടുക്കുന്ന നാളികേരത്തിന്‍റെ തുക മൂന്നുനാലു മാസം കഴിഞ്ഞ് കിട്ടുമ്പോള്‍ എന്താണ് സംഭരണം കൊണ്ടുള്ള പ്രയോജനം എന്നാണ് സാധാരണ നാളികേര കര്‍ഷകര്‍ ചോദിക്കുന്നത് . കര്‍ഷകര്‍ക്കും ഏജന്‍സികള്‍ക്കും ലഭിക്കാനുള്ള തുകക്ക് അധികൃതരുടെ ഭാഗത്ത് നിന്നും ഉറപ്പകിട്ടിയില്ലെങ്കില്‍ സംഭരണം താല്‍ക്കാലികമായി നിറുത്തേണ്ടിവരുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.