തിരുവനന്തപുരം: കുതിച്ചുയര്‍ന്ന പച്ചക്കറിവില പിടിച്ചുനിര്‍ത്താന്‍ കൃഷിവകുപ്പ് സ്വീകരിച്ച നടപടി വിജയം കണ്ടതിന്‍െറ പശ്ചാത്തലത്തില്‍, ഇതരസംസ്ഥാനങ്ങളില്‍ നിന്ന് നേരിട്ട് പച്ചക്കറി വാങ്ങാന്‍ പദ്ധതി.തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് ഓര്‍ഗസൈസേഷനുകളില്‍ നിന്നും കമ്ബനികളില്‍ നിന്നും ഇടനിലക്കാരെ ഒഴിവാക്കിയാണ് വാങ്ങുക. ഇതിന്‍െറ ഭാഗമായി കൃഷിമന്ത്രി പി. പ്രസാദിന്‍െറ നേതൃത്വത്തില്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് പ്രതിനിധികളുമായും അവിടത്തെ മാര്‍ക്കറ്റിങ് ഉദ്യോഗസ്ഥരുമായും ഡിസംബര്‍ രണ്ടിന് ചര്‍ച്ച നടത്തും.
ഗുണമേന്മയുള്ള പച്ചക്കറി കൃഷിയിടങ്ങളില്‍ നിന്ന് നേരിട്ട് വില കുറച്ച് വാങ്ങാനാകുമെന്നതാണ് ഇതിന്‍െറ സവിശേഷത. ഇതുവഴി വിലക്കുറവില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലെ ഔട്ട്ലെറ്റുകള്‍ വഴി ജനങ്ങള്‍ക്ക് ന്യായമായ വിലക്ക് പച്ചക്കറി ലഭ്യമാക്കാനാവുമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. പ്രാരംഭഘട്ട ചര്‍ച്ചകള്‍ നടന്നുവരുകയാണ്. വളരെ അനുകൂലമായ സമീപനമാണ് ഇതരസംസഥാനങ്ങളിലെ ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് ഓര്‍ഗസൈസേഷനുകളില്‍ നിന്ന് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.