പുല്‍പ്പളളി :രാപകലില്ലാതെ ഇരുളം പ്രദേശത്ത് കാട്ടാനശല്യം രൂക്ഷം. ഒറ്റയ്ക്കും കൂട്ടായും ഇറങ്ങുന്ന കാട്ടാനകള്‍ ഇരുളം മേഖലയില്‍ വന്‍ ഭീഷണിയാവുകയാണ്. കൃഷിയിടങ്ങളില്‍ തമ്പടിക്കുന്ന ആനകള്‍ പുല്‍പ്പള്ളി – ബത്തേരി റോഡിലേക്കിറങ്ങുന്നത് വാഹന ഗതാഗതവും തടസ്സപ്പെടുത്തുന്നു. ഓര്‍ക്കടവ്, ഇരുളം, മരിയനാട്, ചുണ്ടെക്കൊല്ലി, കോട്ടക്കൊല്ലി ഭാഗങ്ങളിലെ ഗ്രാമങ്ങളിലാണ് ആനശല്യം വ്യാപകം.
വെള്ളി പകല്‍ ഇറങ്ങിയ കൊമ്പന്‍ ചീയമ്പം പള്ളിപ്പടി, കക്കോടന്‍ എസ്റ്റേറ്റ്. മാതമംഗലം ഭാഗങ്ങളില്‍ നാശംവിതച്ചു. ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരും നാട്ടുകാരും ചേര്‍ന്നാണ് കൊമ്പനെ ഉള്‍ക്കാട്ടിലേക്ക് തുരത്തിയത്. വനാതിര്‍ത്തി ഗ്രാമങ്ങളില്‍ മതിയായ പ്രതിരോധ മാര്‍ഗങ്ങള്‍ തീര്‍ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.