ന്യൂസ് ക്ലിക്ക് കേസ്: പ്രബീര്‍ പുരകായസ്തയെ ഉടന്‍ വിട്ടയക്കണമെന്ന് സുപ്രീംകോടതി

Latest News

ന്യൂഡല്‍ഹി : ന്യൂസ് ക്ലിക്ക് കേസില്‍ ഡല്‍ഹി പൊലീസിന് കനത്ത തിരിച്ചടി. പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റും റിമാന്‍റും നിയമവിരുദ്ധമെന്ന് കോടതി. ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബിര്‍ പുര്‍കായസ്തയെ ഉടന്‍ വിട്ടയക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
യുഎപിഎക്കൊപ്പം ക്രിമിനല്‍ ഗൂഢാലോചന, സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയാണ് പ്രബീര്‍ പുരകായസ്തയെ 2023 ഒക്ടോബര്‍ മൂന്നിന് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. റിമാന്‍ഡ് അപേക്ഷ അഭിഭാഷകനും പ്രബീറിനും നല്‍കിയില്ലെന്ന കാര്യം വ്യക്തമാക്കിയാണ് കോടതി നടപടി. വീണ്ടും അറസ്റ്റ് എന്ന കാര്യത്തില്‍ നിയമപരമായി നടപടി സ്വീകരിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ വിട്ടയക്കുന്നതിലെ നിബന്ധന വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞു.
മൂന്ന് ചൈനീസ് സ്ഥാപനങ്ങളില്‍ നിന്നായി 115 കോടിയോളം രൂപ ന്യൂസ് ക്ലിക്കിലേക്കെത്തിയെന്നാണ് ഇഡിയും, ഡല്‍ഹി പോലീസിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും പറയുന്നത്. വിദേശ സംഭാവന സ്വീകരിച്ചതില്‍ ചട്ടലംഘനം നടന്നെന്നാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *