ന്യൂസ്ക്ലിക്ക് റെയ്ഡ്: എഡിറ്റര്‍ കസ്റ്റഡിയില്‍

Top News

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ മാധ്യമസ്ഥാപനമായ ന്യൂസ്ക്ലിക്കിന്‍റെ ഡല്‍ഹിയിലെ ഓഫീസ് പൊലീസ് സീല്‍ ചെയ്തു. ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്ലിന്‍റെ നേതൃത്വത്തില്‍ നടന്ന പരിശോധനകള്‍ക്ക് ശേഷമാണ് ദേശീയ തലസ്ഥാനത്തെ ഓഫീസ് സീല്‍ ചെയ്തത്. ന്യൂസ്ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുരകയസ്തയെ സ്പെഷ്യല്‍ സെല്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ചൈനീസ് ഫണ്ട് ലഭിച്ചെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സ്പെഷ്യല്‍ സെല്‍ പരിശോധന ആരംഭിച്ചത്. യുഎപിഎ പ്രകാരവും ഐപിസിയിലെ 153 എ, 120 ബി എന്നിവയുള്‍പ്പെടെയുള്ള മറ്റ് വകുപ്പുകള്‍ പ്രകാരവും ഓഗസ്റ്റ് 17ന് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് 30 ലധികം കേന്ദ്രങ്ങളിലായാണ് റെയ്ഡ് നടന്നത്.
ചൊവ്വാഴ്ച പുലര്‍ച്ചെ പൊലീസ് സംഘം മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ എത്തിയിരുന്നു. ഇവരുടെ പക്കല്‍ നിന്ന് ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.അതിനിടെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വസതിയിലും ചൊവ്വാഴ്ച രാവിലെ പൊലീസ് സംഘമെത്തി. യെച്ചൂരിയുടെ ജീവനക്കാരനായ ശ്രീനാരായണിന്‍റെ മകന്‍ സുന്‍മീത് കുമാറിനെ ചോദ്യംചെയ്യാനായാണ് പൊലീസ് സംഘം ഇവിടെ എത്തിയത്. റെയ്ഡില്‍ പ്രതിഷേധം അറിയിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തിയിരുന്നു. ന്യൂസ് ക്ലിക്കിനെതിരായ റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *