ന്യൂഡല്‍ഹി; ന്യൂനപക്ഷ സ്കോളര്‍ഷിപ്പില്‍ കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രിംകോടതി. ഹരജി നാലാഴ്ച കഴിഞ്ഞ വീണ്ടും പരിഗണിക്കും.
എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടിസയച്ചിട്ടുണ്ട്. ന്യൂനപക്ഷ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധിക്കെതിരേയാണ് കേരളം സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ജനസംഖ്യാനുപാതികമായി സ്കോളര്‍ഷിപ്പ് നല്കിയാല് അനര്‍ഹര്‍ക്കും ആനുകൂല്യം ലഭിക്കുമെന്നായിരുന്നു കേരളത്തിന്റെ വാദം. സര്‍ക്കാരിന്റെ അതേ ആവശ്യം ഉന്നയിച്ച് രണ്ട് സന്നദ്ധ സംഘടകളും ഹരജി നല്‍കിയിരുന്നു.ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണം 80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്നതായിരുന്നു 2015ല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്. ഇത് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നും അത് കൊണ്ട് ജനസംഖ്യാ കണക്കിന്റെ അടിസ്ഥാനത്തില്‍ അനുപാതം പുനര്‍നിശ്ചയിക്കണമെന്നുമാണ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് ഈ കോടതി വിധിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. മുസ്ലിം സമുദായത്തിലെ പിന്നാക്കാവസ്ഥ സച്ചാര്‍, പാലോളി കമ്മിറ്റികള്‍ കണ്ടെത്തിയിരുന്നു. അതിനാലാണ് മുസ്ലിങ്ങള്‍ക്ക് കൂടുതല്‍ സ്കോളര്‍ഷിപ്പ് അനുവദിച്ചത്. എന്നാല്‍ ക്രിസ്ത്യന്‍ സമുദായത്തിലെ പിന്നാക്കാവസ്ഥ സംബന്ധിച്ച് ഇതുവരെ സര്‍ക്കാരിന്റെ പക്കല്‍ ആധികാരിക രേഖകള്‍ ഇല്ല. ഈ സാഹചര്യത്തില്‍ ജനസംഖ്യാനുപാതികമായി സ്കോളര്‍ഷിപ്പ് നല്കിയാല് അനര്‍ഹര്‍ക്കും ആനുകൂല്യം ലഭിക്കുമെന്നാണ് സുപ്രിം കോടതിയില്‍ കേരളം വാദിച്ചത്.
നിലവില്‍ ക്രൈസ്തവര്‍ക്കിടയിലെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പഠിക്കുന്നതിന് ജസ്റ്റിസ് ജെ. ബി. കോശിയുടെ അധ്യക്ഷതയില്‍ സമിതി രൂപവത്കരിച്ചിട്ടുണ്ട്. ആ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം പിന്നോക്കാവസ്ഥ ഉണ്ടെങ്കില്‍ അതിന് അനുപാതികമായി സ്കോളര്‍ഷിപ്പ് നല്കാന് തയ്യാറാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.
