ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന് പാകിസ്താനോട് ആവശ്യപ്പെട്ട് ഇന്ത്യ. സിന്ധ് പ്രവിശ്യയില്‍ ഹിന്ദു സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ഇന്ത്യയുടെ ആവശ്യം. വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കവെ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ‘സ്ത്രീ കൊല്ലപ്പെട്ട റിപ്പോര്‍ട്ടുകള്‍ കണ്ടിട്ടുണ്ട്, അതിനെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍, ഞങ്ങള്‍ ആവര്‍ത്തിക്കുകയാണ്, പാകിസ്താന്‍ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണം. അവരുടെ സുരക്ഷയും ക്ഷേമവും പാകിസ്താന്‍റെ ഉത്തരവാദിത്തമാണ്’ -വിദേശകാര്യ വക്താവ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സിന്ധ് പ്രവിശ്യയിലെ സിന്‍ജോറോയില്‍ ദയ ഭേല്‍ എന്ന സ്ത്രീ ക്രൂരമായി കൊല്ലപ്പെട്ടത്. തലയറുത്തു മാറ്റപ്പെട്ട നിലയിലായിരുന്നു മൃതദേഹമെന്ന് പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി സെനറ്റര്‍ കൃഷ്ണ കുമാരി ട്വീറ്റ് ചെയ്തു. ക്രൂരമായ കൊലപാതകത്തില്‍ രാജ്യത്താകെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.