ന്യായവില വര്‍ദ്ധന; ഭൂമി ഇടപാടുമേഖല മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുമെന്ന് ആശങ്ക

Top News

കോഴിക്കോട് :ഭൂമിയുടെ ന്യായവിലവര്‍ദ്ധനവ് വസ്തു ഇടപാട് രംഗത്തും റിയല്‍എസ്റ്റേറ്റ് മേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് തിരിച്ചടിയാകുന്നു. ഏറെ താമസിയാതെ ഭൂമി ഇടപാടുമേഖല മാന്ദ്യംനേരിടുമെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍.സാധാരണക്കാര്‍ക്കാണ് ഭൂമിയുടെ ന്യായവില വര്‍ദ്ധിപ്പിച്ച ബജറ്റ് തീരുമാനം ഏറെ ആഘാതമായിരിക്കുന്നത്. 10 ശതമാനത്തില്‍ നിന്നും 30% മായാണ് സംസ്ഥാന ബജറ്റില്‍ ഭൂമിയുടെ ന്യായവില വര്‍ദ്ധിപ്പിച്ചത്.നികുതി വര്‍ദ്ധിപ്പിക്കുക വഴി കൂടുതല്‍ വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. എന്നാല്‍ ഈ തീരുമാനംകൊണ്ട് പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കുമാണ് പ്രഹരമേറ്റത്.
ഒരു വീടുണ്ടാക്കാന്‍ അഞ്ചും പത്തും സെന്‍റ് ഭൂമി വാങ്ങുന്നവരുടെ നട്ടെല്ലൊടിക്കുന്ന നടപടിയാണ് സര്‍ക്കാറിന്‍റെ ഭാഗത്തുനിന്നുണ്ടായത്. വായ്പയെടുത്തും കടംവാങ്ങിയും അഭരണങ്ങള്‍ വിറ്റുമൊക്കെ പണം സ്വരൂപിച്ചു ഭൂമി വാങ്ങുന്നവര്‍ക്ക് കഷ്ടകാലം എന്നു സാരം. കുടുംബസ്വത്ത് ഇടപാടിനും ഭാഗംവയ്പ്പിനുമെല്ലാം ചെലവേറുന്നത് സാധാരണക്കാരെയാണ് പ്രതികൂലമായി ബാധിക്കുക.
അതേസമയം വന്‍കിടക്കാര്‍ക്ക് ഈ വര്‍ദ്ധന വലിയ പ്രശ്നമുണ്ടാക്കില്ല. ഭാരം മുഴുവന്‍ സാധാരണക്കാരുടെ തലയിലാണ് വന്നുപതിക്കുക. ഭൂമിയുടെ ന്യായവില കമ്പോളവിലയെക്കാള്‍ കൂടുതലുള്ള സ്ഥലങ്ങള്‍ ധാരാളമുണ്ടെന്നതും സാധാരണക്കാരുടെ പോക്കറ്റ്കാലിയാക്കും.
അശാസ്ത്രീയമായി ഭൂമിയുടെ ന്യായവില കുത്തനെകൂട്ടിയ നടപടിയെ തുടര്‍ന്ന്ഏറെതാമസിയാതെ വസ്തു ഇടപാടുകള്‍ വളരെയധികം കുറയുമെന്ന് റിയല്‍എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആശങ്കപ്പെടുന്നു. വസ്തു ഇടപാടില്‍ നിന്ന് വരുമാനം വര്‍ദ്ധിപ്പിക്കാം എന്ന സര്‍ക്കാറിന്‍റെ മോഹം പൂവണിയുകയില്ലെന്നും അതിനുപകരം മാന്ദ്യമായിരിക്കും ഫലമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. അമിതനികുതി അടിച്ചേല്‍പ്പിച്ച് വസ്തു ഇടപാട് മേഖലയെ തകര്‍ക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്‍റ് കെ. രാജീവ് പറഞ്ഞു. റിയല്‍എസ്റ്റേറ്റ് മേഖല തൊഴിലാളികളുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കവയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ആധാരമെഴുത്തുകാരുടെ സംഘടനകളും സര്‍ക്കാറിന്‍റെ അശാസ്ത്രീയ നികുതി വര്‍ദ്ധനവിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *