തിരുവനന്തപുരം : ലഹരിക്കെതിരേ ഗാന്ധി ജയന്തി ദിനത്തില്‍ കേരളം ആരംഭിക്കുന്ന നോ ടു ഡ്രഗ്സ് ക്യാംപെയിന്‍ യുവതലമുറയെ നേര്‍വഴിക്കു നയിക്കുന്നതില്‍ പ്രധാനമാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസിഡന്‍റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. ‘നോ ടു ഡ്രഗ്സ്’ ക്യാംപെയിന്‍റെ ലോഗോ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാംപെയിനിന്‍റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്നു ഗാംഗുലി ഏറ്റുവാങ്ങി. ഗാംഗുലിയാണു ക്യാംപെയിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍.
കുട്ടികള്‍ക്കും യുവാക്കള്‍ക്കും മികച്ച വിദ്യാഭ്യാസവും തൊഴില്‍ സാധ്യതകളും നല്‍കുന്നതുപോലെതന്നെ പ്രധാനമാണ് അവരെ നേര്‍വഴിക്കു നടത്തുകയെന്നതെന്ന് ഗാംഗുലി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ രംഗത്തു കേരളം രാജ്യത്തുതന്നെ ഒന്നാമതാണ്. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചു വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും ബോധവത്കരണം നല്‍കുന്നതിനായി കേരളം ആരംഭിക്കുന്ന നോ ടു ഡ്രഗ്സ് ക്യാംപെയിന്‍ രാജ്യത്തെ എല്ലാ നഗരങ്ങള്‍ക്കും ആവശ്യമുള്ള ഒന്നാണ്. കേരളം മുന്നോട്ടുവയ്ക്കുന്ന ഈ ക്യാംപെയിനിലൂടെ യുവതലമുറയുടെ കഴിവുകളെ നേരായ വഴിയിലൂടെ തിരിച്ചുവിടാന്‍ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.