നോവായി ഡോ.വന്ദന

Kerala

. വൈദ്യപരിശോധനയ്ക്കിടെ സ്കൂള്‍അധ്യാപകന്‍റെ കുത്തേറ്റു യുവഡോക്ടര്‍ക്ക് ദാരുണാന്ത്യം
. പ്രതി എസ്.സന്ദീപ് റിമാന്‍ഡില്‍

കൊല്ലം :വൈദ്യപരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച സ്കൂള്‍ അധ്യാപകന്‍റെ കുത്തേറ്റ് വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്കു കൂടി കുത്തേറ്റു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ കോട്ടയം മാഞ്ഞൂര്‍ സ്വദേശിനി ഡോ. വന്ദനദാസ് (25) ആണ് മരിച്ചത്. പ്രതി നെടുമ്പനയിലെ യുപി സ്കൂള്‍ അധ്യാപകനായ കുടവട്ടൂര്‍ ശ്രീനിലയത്തില്‍ എസ്. സന്ദീപിനെ (42) പൊലീസ് അറസ്റ്റു ചെയ്തു. കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ കെ.ജി. മോഹന്‍ദാസിന്‍റെയും വസന്തകുമാരിയുടെയും ഏകമകളാണ് വന്ദന. മോഹന്‍ദാസ് എസ്എന്‍ഡിപി യോഗം കുറുപ്പുന്തറ ശാഖ വൈസ് പ്രസിഡന്‍റാണ്.
ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണു സംഭവം. അയല്‍വാസികളുമായി ഉണ്ടായ വഴക്കിനിടെ പരുക്കേറ്റ സന്ദീപിനെ വൈദ്യപരിശോധനയ്ക്കായി പൊലീസുകാര്‍ കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.മുറിവ് തുന്നിക്കെട്ടുന്നതിനിടെ പെട്ടെന്ന് പ്രകോപിതനായ സന്ദീപ് അവിടെയുണ്ടായിരുന്ന കത്രിക ഉപയോഗിച്ച് എല്ലാവരെയും ആക്രമിക്കുകയായിരുന്നു. ഇയാള്‍ ലഹരിക്കടിമപ്പെട്ട ആളാണെന്നു വിവരമുണ്ട്. അടുത്തെത്തിയ ബിനു എന്ന ബന്ധുവിനെയാണ് ആദ്യം കുത്തിയത്. തടയാനെത്തിയ പൊലീസുകാരെയും ആശുപത്രി ജീവനക്കാരെയും ആക്രമിച്ചു. പലരും ഓടി രക്ഷപ്പെട്ടു. എന്നാല്‍ ഡോ. വന്ദനയ്ക്ക് ഓടിരക്ഷപ്പെടാന്‍ കഴിഞ്ഞില്ല.പ്രതി ചവുട്ടിവീഴ്ത്തി തുടരെ കത്രിക കൊണ്ട് കുത്തുകയായിരുന്നു. നെഞ്ചിലും മുതുകിലുമായി കുത്തേറ്റു. വീണുപോയ ഡോക്ടറുടെ മുതുകില്‍ കയറിയിരുന്നും സന്ദീപ് ക്രൂരമായികുത്തിപരുക്കേല്‍പ്പിച്ചു.ഗുരുതരമായി പരുക്കേറ്റ വന്ദനയെ ആദ്യം വിജയ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം കിംസ് ആശുപത്രിയിലും എത്തിച്ചു. രാവിലെ 8.25ന് വന്ദന മരിച്ചു. പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ 11 കുത്തേറ്റതായി വിവരമുണ്ട്. മുതുകില്‍ ആറും തലയില്‍ മൂന്നും കുത്തുകളേറ്റു.
ആശുപത്രിയിലെ ഹോം ഗാര്‍ഡ് അലക്സ് കുട്ടി, കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ്ഐ മണിലാല്‍ എന്നിവര്‍ക്കും കുത്തേറ്റു.വന്ദനയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കു ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ നൂറുകണക്കിന് ആളുകള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് വന്ദന പഠിച്ചകൊല്ലം അസീസിയ മെഡിക്കല്‍ കോളജിലും പൊതദര്‍ശനത്തിനുവച്ചു.ശേഷം ജന്മനാടായ കടുത്തുരുത്തിയിലേക്കു മൃതദേഹം കൊണ്ടുപോയി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക്.

Leave a Reply

Your email address will not be published. Required fields are marked *