‘നോട്ട് മഴ’ പെയ്യിപ്പിക്കുമെന്ന് വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ചതായി പരാതി

Top News

രാജ്കോട്ട് : താന്ത്രിക ക്രിയയിലൂടെ ‘നോട്ട് മഴ’ പെയ്യിപ്പിക്കുമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. ഗുജറാത്തിലെ രാജ്കോട്ടിലാണ് കാറ്ററിംഗ് ബിസിനസ് നടത്തുന്ന 25 വയസ്സുകാരി തട്ടിപ്പിനും പീഡനത്തിനും ഇരയായത്. ബിസിനസിന് കൂടെയുണ്ടായിരുന്ന ഫൈസല്‍ പാര്‍മര്‍ എന്നയാള്‍ വഴിയാണ് യുവതി മന്ത്രവാദിയെന്ന് അവകാശപ്പെടുന്നയാളെ പരിചയപ്പെട്ടത്. തുടക്കത്തില്‍ വിശ്വസിക്കാന്‍ തയ്യാറാവാതിരുന്ന യുവതിയെ നേരില്‍ കണ്ട് ബോധ്യപ്പെട്ടാല്‍ മതിയെന്നു പറഞ്ഞ് ഫൈസല്‍ മന്ത്രവാദിക്ക് അരികില്‍ എത്തിക്കുകയായിരുന്നു. മന്ത്രവാദി ചമഞ്ഞ സാഗര്‍ ഭഗ്തരിയയെ കാണാന്‍ അയാളുടെ മെസ്വാന്‍ ഗ്രാമത്തിലുള്ള കൃഷിയിടത്തില്‍ ഡിസംബര്‍ 9നാണ് യുവതി എത്തിയത്. ഈ സമയത്ത് മറ്റൊരു സ്ത്രീയെ തേങ്ങയുടെ മുകളില്‍ ഇരുത്തിയിരുന്നതായി യുവതി കണ്ടു. മന്ത്രവാദിയുടെ ‘സഹായി’ ഈ സ്ത്രീയെ വച്ച് താന്ത്രിക കര്‍മ്മം നടത്താന്‍ മന്ത്രവാദിക്ക് താല്‍പ്പര്യമില്ലെന്നു പറഞ്ഞ് ഇവരെ പറഞ്ഞുവിട്ടു. ഇതിനുശേഷം യുവതിയെ തേങ്ങയ്ക്ക് മുകളിലിരുത്തുകയും പിന്നീട് മന്ത്രവാദിയുടെ മുറിയിലേക്ക് എത്തിക്കുകയും ചെയ്തു.
താന്ത്രിക കര്‍മ്മത്തിന്‍റെ ഭാഗമായി വസ്ത്രങ്ങളഴിക്കാന്‍ ആവശ്യപ്പെട്ടു. ഇവിടെവച്ച് പീഡിപ്പിക്കപ്പെട്ടതായാണ് യുവതി പരാതിപ്പെട്ടത്. താന്ത്രിക കര്‍മ്മത്തിന്‍റെ പകുതിഭാഗം പൂര്‍ത്തിയായെന്നും ബാക്കി ചെയ്യാനായി മറ്റൊരു ദിവസം വരണമെന്നും നിര്‍ദ്ദേശിച്ച് യുവതിയെ പറഞ്ഞയച്ചു. കര്‍മ്മം പൂര്‍ത്തിയായാല്‍ മാത്രമേ നോട്ടു മഴ കാണാനാവൂ എന്നും മന്ത്രവാദി യുവതിയോട് പറഞ്ഞു.ഡിസംബര്‍ 14ന് യുവതിയോട് പഴയ സ്ഥലത്ത് എത്താന്‍ മന്ത്രവാദി ആവശ്യപ്പെട്ടു. എന്നാല്‍ വീണ്ടും പീഡിപ്പിക്കപ്പെട്ടേക്കാം എന്ന ഭയത്താല്‍ പോലീസിനെ സമീപിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ പൊലീസ് ജുനഗഡ് സ്വദേശിയായ ഭഗ്തരിയ, ഇയാളുടെ സംഘത്തിലുള്ള ഫൈസല്‍ പാര്‍മര്‍, വിജയ് വഘേല, നരന്‍ ബോര്‍ഖാതരിയ, സിക്കന്ദര്‍ ദേഖയ്യ എന്നിവരെ അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *