ന്യൂഡല്‍ഹി: 500, 1000 രൂപ മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ച നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ നല്‍കിയ ഹര്‍ജികളില്‍ വിശദവാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു.നോട്ട് നിരോധന തീരുമാനത്തിന്‍റെ നാള്‍വഴികള്‍ അറിയാന്‍ സര്‍ക്കാരിനോടും റിസര്‍വ് ബാങ്കിനോടും വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. നോട്ട് നിരോധിക്കാനുള്ള തീരുമാനം ആരാണ് എടുത്തതെന്ന് അറിയാനാണ് ഈ നീക്കം.ഒരു പ്രത്യേക മൂല്യത്തിലുള്ള നോട്ടുകള്‍ മുഴുവന്‍ നിരോധിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും ഒരു സീരീസില്‍പ്പെട്ടത് പിന്‍വലിക്കാനുള്ള അധികാരം മാത്രമാണ് ഉള്ളതെന്നുമാണ് ഹര്‍ജിക്കാര്‍ വാദിക്കുന്നത്. ഈ വിഷയത്തിലും കോടതി സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
നോട്ട് നിരോധനത്തിന് എതിരെ 2016-ല്‍ സമര്‍പ്പിച്ച 58 ഹര്‍ജികള്‍ ഒന്നിച്ച് പരിഗണിക്കവെയാണ് കോടതി ഈ നടപടികള്‍ സ്വീകരിച്ചത്. കേസില്‍ നവംബര്‍ ഒമ്പതിന് കോടതി വിശദവാദം കേള്‍ക്കും.