നെല്ലുസംഭരണം: സര്‍ക്കാര്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി

Top News

തിരുവനന്തപുരം : സീസണിലെ നെല്ലുസംഭരണം വിജയകരമായി പൂര്‍ത്തിയാക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കിയതായി ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. മന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം. യോഗത്തില്‍ കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്, ഭക്ഷ്യവകുപ്പ് സെക്രട്ടറി അലി അസ്ഗര്‍ പാഷ, കൃഷിവകുപ്പ് സെക്രട്ടറി ഡോ. ബി. അശോക്, കൃഷിവകുപ്പ് ഡയറക്ടര്‍ ടി.വി. സുഭാഷ്, സപ്ലൈകോ ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ഡോ. സഞ്ജീബ് പട്ജോഷി, ജനറല്‍ മാനേജര്‍ ശ്രീറാം വെങ്കിട്ടരാമന്‍ എന്നിവര്‍ പങ്കെടുത്തു.
33 പാഡി പ്രൊക്വയര്‍മെന്‍റ് അസിസ്റ്റന്‍റുമാരെ നിയമിച്ച് കൃഷി ഡയറക്ടര്‍ ഉത്തരവ് പുറത്തിറക്കി. നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമുള്ള ഉദ്യോഗസ്ഥരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള നടപടികള്‍ നടക്കുന്നു. സംസ്ഥാനത്താകെ 79,125 കര്‍ഷകര്‍ നെല്ലു സംഭരിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആഗസ്റ്റ് ഒന്നുമുതലാണ് ഈ സീസണിലെ കര്‍ഷക രജിസ്ട്രേഷന്‍ തുടങ്ങിയത്.തിരുവനന്തപുരം -692, കൊല്ലം-120, പത്തനംതിട്ട-3, ആലപ്പുഴ-8764, കോട്ടയം-4219, ഇടുക്കി-3, വയനാട്-6567, പാലക്കാട്-55169, എറണാകുളം-688, തൃശ്ശൂര്‍-2047, മലപ്പുറം-418, കണ്ണൂര്‍-311, കാസര്‍ഗോഡ്-124 എന്നിങ്ങനെയാണ് കര്‍ഷകരുടെ എണ്ണം.
കൊയ്ത് തുടങ്ങിയ പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ യഥാക്രമം 250, 350 ഏക്കറുകളിലെ 500, 700 ടണ്‍ നെല്ല് സംഭരണത്തിന് തയ്യാറായിട്ടുണ്ട്. കൊയ്ത്ത് തുടരുകയാണ്. പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ വിരിപ്പ് സീസണില്‍ 85000, 60000 ഏക്കറുകളില്‍ നിന്നും യഥാക്രമം 1.9 ലക്ഷവും 12000 ടണ്ണും വിളവ് പ്രതീക്ഷിക്കുന്നു.പാലക്കാട് ജില്ലയില്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലും തൃശൂര്‍ ജില്ലയില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളിലും കൂടുതല്‍ നെല്ല് സംഭരണം നടക്കും. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ സെപ്റ്റംബര്‍ അവസാന ആഴ്ച്ച കൊയ്ത് തുടങ്ങും. ഈ ജില്ലകളില്‍ സെപ്റ്റംബര്‍ മാസം യഥാക്രമം 370, 14 മെട്രിക് ടണ്‍ നെല്ല് പ്രതീക്ഷിക്കുന്നു. വിരിപ്പ് സീസണില്‍ ഈ ജില്ലകളില്‍ നിന്നും യഥാക്രമം 40,000, 25,000 മെട്രിക് ടണ്‍ നെല്ല് പ്രതീക്ഷിക്കുന്നു. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് ഈ മേഖലകളില്‍ അധികമായി സംഭരണം നടക്കുന്നത്. മറ്റ് ജില്ലകളില്‍ ഡിസംബറോടെ വലിയതോതില്‍ സംഭരണം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *