പാട്ന: യു.ജി.സി നെറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച അന്വേഷിക്കാനെത്തിയ സി.ബി.ഐ സംഘത്തെ ബിഹാറില്‍ ആക്രമിച്ചു. നവാഡ ജില്ലയിലെ ഗ്രാമീണരാണ് സംഘത്തെ ആക്രമിച്ചത്.
സംഭവത്തില്‍ നാലുപേരെ നവാഡ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ അന്വേഷണ സംഘമാണെന്ന് തെറ്റിദ്ധരിച്ചാണ് ഗ്രാമീണര്‍ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. 200 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഫോണുകളില്‍ ചിത്രീകരിച്ച വിഡിയോകളില്‍നിന്നാണ് അക്രമികളെ തിരിച്ചറിഞ്ഞതെന്നും നാലു പേരെ അറസ്റ്റ് ചെയ്തതായും മുതിര്‍ന്ന പൊലീസ് ഓഫിസര്‍ അംബരീഷ് രാഹുല്‍ പറഞ്ഞു. വനിത കോണ്‍സ്റ്റബ്ള്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് സി.ബി.ഐ സംഘത്തിലുണ്ടായിരുന്നത്.
സംഘത്തിന്‍റെ വാഹനവും അക്രമികള്‍ തകര്‍ത്തു. ജൂണ്‍ 18ന് നടത്തിയ യു.ജി.സി നെറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തൊട്ടടുത്ത ദിവസം തന്നെ പരീക്ഷ റദ്ദാക്കിയതായി ദേശീയ ടെസ്റ്റിങ് ഏജന്‍സി അറിയിക്കുകയായിരുന്നു. ഒ.എം.ആര്‍ പരീക്ഷയില്‍ സൈബര്‍ ക്രമക്കേടുകള്‍ നടന്നെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കിയത്.
വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പ്രഥമദൃഷ്ട്യാ പരീക്ഷയുടെ സമഗ്രതയെ ബാധിച്ചെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചത്.