പൂനെ: ബ്രസീലിന്‍റെ സൂപ്പര്‍താരം നെയ്മര്‍ ഇന്ത്യയില്‍ കളിക്കാനിറങ്ങും. 2023-24 എഎഫ്സി ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ നറുക്കെടുപ്പില്‍ സൗദി ക്ലബ്ബ് അല്‍ ഹിലാലും ഇന്ത്യന്‍ ക്ലബ്ബ് മുംബൈ സിറ്റി എഫ്സിയും ഒരേ ഗ്രൂപ്പില്‍ വന്നതോടെയാണ് സൂപ്പര്‍താരം ഇന്ത്യന്‍ മണ്ണിലേക്ക് കളിക്കാനെത്തുന്നത്. അല്‍ ഹിലാല്‍ താരമാണ് ഇപ്പോള്‍ നെയ്മര്‍.ഗ്രൂപ്പ് ഡി യിലാണ് ഇരുടീമുകളും ഏറ്റുമുട്ടുക.
ഗ്രൂപ്പ് ഡി യില്‍ ഇരുടീമുകള്‍ക്കൊപ്പം ഇറാനിയന്‍ ക്ലബ്ബ് എഫ്സി നസ്സാഹി മസന്‍ഡരാന്‍, ഉസ്ബക്കിസ്താന്‍ ക്ലബ് പിഎഫ്സി നവ്ബഹര്‍ നമങ്കന്‍ എന്നീ ടീമുകളുമുണ്ട്. മുബൈ സിറ്റി ഇത്തവണ പൂനെയിലെ ബാലവാഡി സ്റ്റേഡിയത്തിലാണ് ഹോം മത്സരങ്ങള്‍ കളിക്കുന്നത്. പൂനെയില്‍ നെയ്മര്‍ കളിക്കാനെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. നെയ്മര്‍ക്കൊപ്പം അല്‍ ഹിലാല്‍ താരങ്ങളായ റൂബന്‍ നെവസ്, കൗലിബാലി, സാവിച്ച് എന്നിവരും കളിക്കാനെത്തും.
മറ്റൊരു സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍നസ്ര്‍ ക്ലബ്ബ് ഗ്രൂപ്പ് ഇ യിലാണ് ഇടംപിടിച്ചത്. സെപ്റ്റംബര്‍ മുതലാണ് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങള്‍ ആരംഭിക്കുക.
