നെതന്യാഹുവിന്‍റെ വിചാരണ തടയാനുള്ള പരിഷ്കാരം; ഇസ്രായേലില്‍ വന്‍ പ്രക്ഷോഭം

Top News

തെല്‍അവീവ്: ‘അഴിമതി ആരോപണ കേസില്‍ ഉള്‍പ്പെട്ട ഒരാളെ രക്ഷിക്കാന്‍ ജനാധിപത്യവും നിയമവ്യവസ്ഥയും അട്ടിമറിക്കുന്നുവെന്ന ആരോപണം ഉയര്‍ത്തി ഇസ്രായേലില്‍ ആയിരങ്ങള്‍ തെരുവില്‍.പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു അഴിമതി കേസില്‍ വിചാരണ നേരിടുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കാന്‍ ശ്രമിക്കുന്ന പരിഷ്കാരങ്ങള്‍ക്കെതിരെയാണ് ജനങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങിയത്.ജനാധിപത്യത്തിനും സ്വാതന്ത്ര്യങ്ങള്‍ക്കും സര്‍ക്കാറിന്‍റെ നയങ്ങള്‍ ഭീഷണിയുയര്‍ത്തുന്നതായി ഞായറാഴ്ച തെല്‍അവീവില്‍ അടക്കം പ്രക്ഷോഭം നടത്തിയവര്‍ കുറ്റപ്പെടുത്തി. ‘കുടിയേറ്റ സര്‍ക്കാര്‍ എനിക്ക് എതിരാണ്’, ‘ഭവനം, ഉപജീവനം, പ്രതീക്ഷ’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്ലക്കാര്‍ഡുകളുമായായിരുന്നു പ്രതിഷേധം.ഇസ്രായേല്‍ പാര്‍ലമെന്‍റായ നെസറ്റിലെ ഇടതുപക്ഷ, അറബ് അംഗങ്ങളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. പുതിയ മന്ത്രിസഭയുടെ പദ്ധതികള്‍ നീതിന്യായ വ്യവസ്ഥയെ തടസ്സപ്പെടുത്തുമെന്നും സാമൂഹിക വിടവുകള്‍ വര്‍ധിപ്പിക്കുമെന്നും അവര്‍ വാദിക്കുന്നു.രാജ്യത്തെ സുപ്രീംകോടതിയെ ദുര്‍ബലപ്പെടുത്താന്‍ ലക്ഷ്യമിടുന്ന നീതിന്യായ വ്യവസ്ഥയുടെ നവീകരണം അനാവരണം ചെയ്ത നീതിന്യായ മന്ത്രി യാരിവ് ലെവിനെതിരെയും പ്രതിഷേധമുയര്‍ന്നു.
സര്‍ക്കാര്‍ നീതിന്യായ വ്യവസ്ഥയോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ജുഡീഷ്യറിയുടെ അധികാരം കുറക്കുകയും പുതിയ ഭരണമുന്നണിക്ക് പൂര്‍ണ അധികാരം ഉറപ്പിക്കുകയും ചെയ്യുന്ന നയങ്ങളാണ് നടപ്പാക്കുന്നത്. ഒരു വ്യക്തിക്ക് നിയമത്തില്‍നിന്ന് രക്ഷപ്പെടാന്‍ ജനാധിപത്യത്തെയും നിയമവ്യവസ്ഥയെയും ഇല്ലാതാക്കാനാണ് ശ്രമമെന്നും പ്രക്ഷോഭകര്‍ ആരോപിച്ചു. രാജ്യത്തെ ജൂത- അറബ് വംശജര്‍ക്ക് സമാധാനത്തോടെ ജീവിക്കാനുള്ള അവസരം ഉറപ്പാക്കണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *