നെടുമുടിവേണു അന്തരിച്ചു

Kerala

തിരുവനന്തപുരം: നടനും അതുല്യകലാകാരനുമായിരന്ന നെടുമുടി വേണു (73) സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. 500 ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ‘ആണും പെണ്ണും’ എന്ന സിനിമയിലാണ് അദ്ദേഹം ഏറ്റവും അടുത്തായി അഭിനയിച്ചത്. ഡോ: ബിജു സംവിധാനം ചെയ്യുന്ന ഓറഞ്ച് മരങ്ങളുടെ വീട് എന്ന സിനിമയിലും പ്രധാനവേഷം ചെയ്തിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ സ്കൂള്‍ അധ്യാപകനായിരുന്ന പി.കെ കേശവന്‍ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്‍മക്കളില്‍ ഇളയ മകനായി 1948 മെയ് 22നാണ് കെ. വേണുഗോപാലന്‍ എന്ന നെടുമുടി വേണു ജനിച്ചത്. ബാല്യകാലം മുതല്‍ തന്നെ വായനയോടും എഴുത്തിനോടും അതിയായ താല്പര്യം ഉണ്ടായിരുന്ന നെടുമുടിവേണു നാടകങ്ങള്‍ എഴുതുമായിരുന്നു. വിദ്യാഭ്യാസകാലത്ത് മറ്റു സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം. ആലപ്പുഴ എസ്. ഡി കോളേജില്‍ നിന്ന് ബിരുദമെടുത്തശേഷം പത്രപ്രവര്‍ത്തകനായും ആലപ്പുഴയില്‍ പാരലല്‍ കോളേജിലും അധ്യാപകനായും പ്രവര്‍ത്തിച്ചു.
ഒരു സുന്ദരിയുടെ കഥ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയില്‍ മുഖം കാണിക്കുന്നത്. തിരുവനന്തപുരത്തേക്ക് താമസം മാറ്റിയതിന് ശേഷം അരവിന്ദന്‍, പത്മരാജന്‍, ഭരത് ഗോപി തുടങ്ങിയവരുമായി സൗഹൃദത്തിലായി. 1978ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം. സ്വതസിദ്ധമായ അഭിനയവും ശരീരഭാഷയും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങള്‍ക്ക് കരുത്തേകി. ഗൗരവമേറിയ കഥാപാത്രങ്ങളും ഹാസ്യവേഷങ്ങളും ഒരുപോലെ വഴങ്ങുന്ന അപൂര്‍വ്വ പ്രതിഭകളില്‍ ഒരാളാണ് നെടുമുടി.
പാച്ചി എന്ന അപരനാമത്തില്‍ ചലച്ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയും ഒരുക്കിയിട്ടുണ്ട്. കാറ്റത്തെ കിളിക്കൂട്, തീര്‍ഥം, ശ്രുതി, അമ്പട ഞാനേ, ഒരു കഥ നുണകഥ, സവിധം, അങ്ങനെ ഒരു അവധികാലത്ത് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി. പൂരം എന്ന ചിത്രം സംവിധാനവും ചെയ്തു.
അവസ്ഥാന്തരങ്ങള്‍ എന്ന ടെലിവിഷന്‍ സീരിയലിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ പുരസ്കാരവും നേടി. സൈറ എന്ന ചിത്രത്തിലെ അഭിനയത്തിന് 2007 ല്‍ സിംബ്ബാവെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള പുരസ്കാരവും കരസ്ഥമാക്കി. സത്യന്‍ പുരസ്കാരം, കലാവേദി അന്താരാഷ്ട്ര പ്രതിഭ പുരസ്കാരം, ബഹദൂര്‍പുരസ്കാരം, തുടങ്ങി ഒട്ടനവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. ഭാര്യ: സുശീല. മക്കള്‍; കണ്ണന്‍, ഉണ്ണി

Leave a Reply

Your email address will not be published. Required fields are marked *