നൂറനാട് മണ്ണെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനം

Top News

ആലപ്പുഴ: ദേശീയപാതാ വികസനത്തിന്‍റെ ഭാഗമായി ആലപ്പുഴ നൂറനാട് മലകള്‍ ഇടിച്ച് മണ്ണ് എടുക്കുന്നത് നിര്‍ത്തിവെക്കും. ഇന്നലെ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. മണ്ണെടുപ്പ് നിര്‍ത്തിവെക്കാന്‍ യോഗത്തിന് ശേഷം ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. കുന്നിടിച്ച് മണ്ണെടുക്കുന്നതിനെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്. മന്ത്രി പി. പ്രസാദ് ഇന്നലെ സ്ഥലത്തെത്തി പ്രതിഷേധക്കാരെ കണ്ടിരുന്നു. മലയിടിക്കരുതെന്ന ശക്തമായ നിലപാടാണ് തനിക്കുള്ളത്. സാധ്യമായ എല്ലാ നടപടികളിലേക്കും നീങ്ങുമെന്ന് മന്ത്രി പറഞ്ഞിരുന്നു.
മണ്ണെടുക്കുന്നതിനിടെ കഴിഞ്ഞ ദിവസം നാട്ടുകാര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പൊലീസുമായി സംഘര്‍ഷമുണ്ടായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പ്രതിഷേധിക്കാര്‍ക്കെതിരായ ഈ പൊലീസ് നടപടി പരിശോധിക്കാന്‍ ജില്ലാ പൊലീസ് മേധാവിയെ ചുമതലപ്പെടുത്താനും സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായി.
ജനങ്ങള്‍ ഉയര്‍ത്തുന്ന ഏത് ആശങ്കകളെയും സര്‍ക്കാര്‍ ഗൗരവത്തോടെ കണക്കിലെടുക്കുമെന്നും ന്യായമായ കാര്യങ്ങള്‍ പരിഗണിച്ച് മാത്രമേ സര്‍ക്കാര്‍ തീരുമാനമെടുക്കുകയുള്ളൂവെന്നും മന്ത്രി പി.പ്രസാദ് പ്രതിഷേധക്കാരെ അറിയിച്ചിരുന്നു. മന്ത്രി എത്തിയപ്പോള്‍ മറ്റപ്പള്ളി മലക്ക് മുന്നില്‍ വൈകാരിക രംഗങ്ങളാണ് ഉണ്ടായത്. തങ്ങളെ കുടിയിറക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു വയോധിക മന്ത്രിയുടെ കാലുപിടിച്ചു കരഞ്ഞു. ഇതുകണ്ട് മന്ത്രി വയോധികയെ ആശ്വസിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *