നേരിയ അശ്രദ്ധയുണ്ടായാല്‍ പോലും ഏറെ ഗൗരവത്തോടെ കാണണമെന്ന് കോടതി
ന്യൂഡല്‍ഹി: നീറ്റില്‍ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി. പരീക്ഷയില്‍ നേരിയ അശ്രദ്ധയുണ്ടായാല്‍ പോലും ഏറെ ഗൗരവത്തോടെ കാണണമെന്ന് കോടതി പറഞ്ഞു. വീഴ്ചയുണ്ടായാല്‍ അത് സമയബന്ധിതമായി പരിഹരിക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി കേന്ദ്രത്തിനും, നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കും (എന്‍.ടി.എ ) നോട്ടീസ് അയച്ചു.
കഠിനാധ്വാനം ചെയ്താണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്നത്. ആ പരീക്ഷയുടെ നടത്തിപ്പുകാരായ നാഷണല്‍ ടെസ്റ്റിഗ് ഏജന്‍സി കുറ്റമറ്റതാകണം. ഒരു തെറ്റ് സംഭവിച്ചെങ്കില്‍ അത് സമ്മതിക്കണം. അത് പരിഹരിക്കാന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കണം. അത് വിദ്യാര്‍ത്ഥികള്‍ക്കും, ഏജന്‍സിക്ക് തന്നെയും ആത്മവിശ്വാസം കൂട്ടും. സമയ ബന്ധിതമായ നടപടിയാണ് എന്‍.ടി.എയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും കോടതി വ്യക്തമാക്കി. തട്ടിപ്പ് നടത്തി ഡോക്ടറാകുന്നയാള്‍ സമൂഹത്തിന് എത്രത്തോളം അപകടകാരിയാകുമെന്ന് ചിന്തിക്കണം. കേന്ദ്രത്തിനും, എന്‍.ടി.എക്കും വീണ്ടും നോട്ടീസ് നല്‍കി.നീറ്റ് പരീക്ഷയില്‍ വ്യാപകമായി ക്രമക്കേടു നടന്നെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികളാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്. പരീക്ഷ റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ജൂലൈ എട്ടിനു ഹര്‍ജികള്‍ വീണ്ടും പരിഗണിക്കും.
നേരത്തെ ഗ്രേസ് മാര്‍ക്ക് നല്‍കിയതിനെതിരായ ഹര്‍ജികള്‍ ജൂലൈ എട്ടിനു പരിഗണിക്കാന്‍ കോടതി മാറ്റിയിരുന്നു. ഗ്രേസ് മാര്‍ക്ക് ഒഴിവാക്കുകയാണെന്നും ഈ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും ടെസ്റ്റ് നടത്തുമെന്നും എന്‍.ടി.എ അറിയിച്ചിരുന്നു.