. പരീക്ഷയുടെ പവിത്രതയെ വിവാദം ബാധിച്ചുവെന്ന് കോടതി
ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ്-യു.ജി. പരീക്ഷ വിവാദത്തില്‍ നാഷണല്‍ ടെസ്റ്റിംഗ് അതോറിറ്റി (എന്‍.ടി.എ.)യുടെ മറുപടി തേടി സുപ്രീംകോടതി. നീറ്റ് പരീക്ഷയുടെ പവിത്രതയെ വിവാദം ബാധിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടി. പരീക്ഷ റദ്ദാക്കണമെന്നും വീണ്ടും പരീക്ഷ നടത്തണമെന്നുമുള്ള ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി എന്‍.ടി.എയോട് വിശദീകരണം തേടിയത്.ജസ്റ്റിസ് അസ്മാനുള്ള അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജൂലായ് എട്ടിലേക്ക് കേസ് മാറ്റി.
ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ്-യു.ജി.യില്‍ 67 പേരാണ് ഒന്നാംറാങ്ക് കരസ്ഥമാക്കിയത്. ഇത്രയേറെപ്പേര്‍ ഒന്നാംറാങ്ക് നേടുന്നത് ആദ്യമാണ്. ഹരിയാണയിലെ ഒരു സെന്‍ററില്‍നിന്നുമാത്രം ആറുപേര്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചതായി ആരോപണമുയര്‍ന്നിരുന്നു. ഇത്തവണ ഒന്നാം റാങ്കില്‍ മാത്രമല്ല, താഴെയുള്ള മറ്റു റാങ്കുകളിലും സ്കോര്‍ വളരെ ഉയര്‍ന്നതാണ്.
ആരോപണങ്ങള്‍ ശക്തമായതോടെ 44 പേര്‍ക്ക് മുഴുവന്‍ മാര്‍ക്കും കിട്ടിയത് ഗ്രേസ് മാര്‍ക്കിലൂടെയാണെന്ന് എന്‍.ടി.എ ചെയര്‍മാന്‍ സുബോദ് കുമാര്‍സിംഗ് വ്യക്തമാക്കിയിരുന്നു. പരീക്ഷ വൈകിയതുമൂലം സമയം തികയാതെ വന്നവര്‍ക്ക് സുപ്രീംകോടതിയുടെ നേരത്തെയുള്ള നിര്‍ദേശ പ്രകാരം ഗ്രേസ് മാര്‍ക്ക് നല്‍കി. ഇതാണ് ഒന്നാം റാങ്കിന്‍റെ എണ്ണം കൂടാന്‍ കാരണമെന്നു കരുതുന്നു