ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യപ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ അറസ്റ്റില്‍. മനീഷ് പ്രകാശ്, അശുതോഷ് കുമാര്‍ എന്നിവരെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. ബിഹാറിലെ പട്നയില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. ഇവര്‍ക്ക് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് നേരിട്ട് ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വ്യാഴാഴ്ച രണ്ടുപേരെയും ചോദ്യം ചെയ്യുന്നതിനായി സി.ബി.ഐ വിളിച്ചുവരുത്തിയിരുന്നു. തുടര്‍ന്നായിരുന്നു അറസ്റ്റ്. സി.ബി.ഐ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച് മനീഷ് കുമാറാണ് തന്‍റെ കാറില്‍ വിദ്യാര്‍ത്ഥികളെ ഒരു ഒഴിഞ്ഞ സ്കൂള്‍ കെട്ടിടത്തിലെത്തിച്ച് ചോര്‍ത്തിയ ചോദ്യപേപ്പറുകള്‍ നല്‍കിയത്. അശുതോഷിന്‍റെ വീട്ടിലാണ് വിദ്യാര്‍ത്ഥികളെ താമസിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.