നിസ്സഹകരണമവസാനിപ്പിച്ച് മില്ലുടമകള്‍; നെല്ലുസംഭരണം ഊര്‍ജ്ജിതമാവുന്നു

Top News

തിരുവനന്തപുരം : ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനിലുമായി നടത്തിയ ചര്‍ച്ചയില്‍ റൈസ് മില്ലേഴ്സ് അസോസിയേഷന്‍ സപ്ലൈകോയുമായി കരാറിലേര്‍പ്പെടാനും നെല്ലുസംഭരണത്തില്‍ സഹകരിക്കാനും തീരുമാനമായി. മില്ലുടമകള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ സത്വര പരിഹാരമുണ്ടാകുമെന്ന് മന്ത്രി ഉറപ്പു നല്‍കി.
ഈ വര്‍ഷത്തെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ വിന്യാസം, മില്‍ അലോട്ട്മെന്‍റിനുള്ള സജ്ജീകരണം എന്നിവ ആഗസ്റ്റില്‍ പൂര്‍ത്തിയായിരുന്നു. എന്നാല്‍ മില്ലുടമകളുടെ സംഘടനയായ റൈസ് മില്ലേഴ്സ് അസോസിയേഷന്‍ ചില കാര്യങ്ങളില്‍ തീരുമാനമുണ്ടാകണമെന്നാവശ്യപ്പെട്ടുകൊണ്ട് നെല്ലുസംഭരിച്ച് പ്രോസസ് ചെയ്ത് സര്‍ക്കാരിന് അരിയാക്കി തിരികെ നല്‍കുന്നതിന് വേണ്ടിയുള്ള കരാറില്‍ ഏര്‍പ്പെടാന്‍ തയ്യാറാവാതെ മാറിനില്‍ക്കുകയായിരുന്നു. ഇതുമൂലം നെല്ലുസംഭരണം മന്ദഗതിയിലായിരുന്നു.
നെല്ലിന്‍റെ ഔട്ട് ടേണ്‍ റേഷ്യോ കേന്ദ്രസര്‍ക്കാര്‍ 68 ശതമാനമായിട്ടാണ് നിശ്ചയിച്ചിരുന്നത്. ഒരു ക്വിന്‍റല്‍ നെല്ല് പ്രോസസ്സ് ചെയ്യുമ്പോള്‍ 68 കിലോ അരി ഇതുപ്രകാരം മില്ലുടമകള്‍ പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യുന്നതിന് തിരികെ നല്കണം. എന്നാല്‍ കേരളത്തിലെ കാലാവസ്ഥയും ഭൂപ്രകൃതിയും കാരണം സംസ്ഥാനത്ത് ഇത് 64.5 ശതമാനം ആയി സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ സമീപകാലത്ത് ഇപ്രകാരം നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് വിധിച്ച് ഹൈക്കോടതി 68 ശതമാനം ഔട്ട് ടേണ്‍ റേഷ്യോ പുനഃസ്ഥാപിച്ചു. ഇത് 64.5 ശതമാനം ആയി നിലനിര്‍ത്തണമെന്നതായിരുന്നു മില്ലുടമകളുടെ മുഖ്യ ആവശ്യം. മില്ലുടമകള്‍ക്ക് സപ്ലൈകോ കൈകാര്യചെലവിനത്തില്‍ ക്വിന്‍റലിന് 214 രൂപ എന്ന നിരക്കില്‍ നല്‍കുന്ന തുകയുടെ മേല്‍ പൂര്‍ണ്ണമായും അഞ്ച് ശതമാനം ജി.എസ്.ടി. ഏര്‍പ്പെടുത്തുന്നതിന് ജി.എസ്.ടി. കൗണ്‍സില്‍ കൈക്കൊണ്ട തീരുമാനം പിന്‍വലിക്കണമെന്നും മില്ലുടമകള്‍ ആവശ്യപ്പെട്ടിരുന്നു.പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് സംഭരിച്ചുവെച്ച നെല്ല് നശിച്ചുപോയതിനാല്‍ സപ്ലൈകോയ്ക്കുണ്ടായ നഷ്ടം മൂലം പ്രോസസ്സിംഗ് ചാര്‍ജ്ജിനത്തില്‍ നല്‍കേണ്ട 15.37 കോടി രൂപ തടഞ്ഞുവെച്ചിരിക്കുകയാണെന്നും അത് അടിയന്തിരമായി അനുവദിച്ചുനല്‍കണമെന്നും കൈകാര്യച്ചെലവ് ക്വിന്‍റലിന് 214 രൂപ എന്നതില്‍ നിന്ന് 286 രൂപയായി ഉയര്‍ത്തണമെന്നും മില്ലുടമകള്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *