വിഴിഞ്ഞം : വിവിധ കാരണങ്ങളാല്‍ നിര്‍മ്മാണ പ്രവര്‍ത്തനം തടസ്സപ്പെട്ട വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് മുന്‍ നിശ്ചയിച്ച് സമയത്ത് തന്നെ കപ്പലെത്തിക്കുന്നതിന് പദ്ധതികള്‍ ആവിഷ്കരിച്ചതായി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു. വിഴിഞ്ഞം പ്രവര്‍ത്തനാവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയാരുന്നു മന്ത്രി.സമരം കാരണം കരാര്‍ കമ്പനിക്കുണ്ടായ നഷ്ടം സംബന്ധിച്ച് നിയമ,ധനവകുപ്പുകളുമായി ചര്‍ച്ച ചെയ്തതിന് ശേഷം മുഖ്യമന്ത്രിയുമായി ആലോചിച്ച് ഉചിതമായ തീരുമാനം കൈകൊള്ളും. സമരക്കാര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. ഏതെങ്കിലും കൂടുതല്‍ നടപടികള്‍ ആവശ്യമുണ്ടെങ്കില്‍ സമരക്കാരുള്‍പ്പെടെ ആരുമായും ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ തയ്യാറാണ്. സമരം ചെയ്യുന്ന തൊഴിലാളി സമൂഹത്തോട് അനുഭാവപൂര്‍ണമായ സമീപനമാണ് സര്‍ക്കാര്‍ എക്കാലത്തും കൈകൊണ്ടിട്ടുള്ളത്.
അതുകൊണ്ടാണ് സമരക്കാരുമായി ചര്‍ച്ച നടത്തുന്നതിന് ഒരു മന്ത്രിസഭ ഉപസമിതിയെ സര്‍ക്കാര്‍ നിശ്ചയിച്ചത്. സമിതി സമരക്കാരുമായി വിവിധ ആവശ്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുകയും ഭൂരിഭാഗം ആവശ്യങ്ങളിലും സമരക്കാര്‍ക്ക് തൃപ്തികരമായ തീരുമാനത്തിലെത്തുകയും ചെയ്തിട്ടുണ്ട്. സമരക്കാരോട് പ്രതികാര മനോഭാവം സര്‍ക്കാര്‍ പുലര്‍ത്തുന്നില്ല. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ഉഭയ സമ്മതത്തോടെ പ്രശ്നങ്ങള്‍ പരിഹരിക്കുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സമരം മൂലം ചില നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് കരാര്‍ കമ്പനി അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും പരസ്പരം ചര്‍ച്ച നടത്തി മുന്നോട്ട് പോകുവാനാണ് സര്‍ക്കാരിന്‍റെ ശ്രമം.
നഷ്ടപ്പെട്ട പ്രവര്‍ത്തിദിനങ്ങള്‍ വീണ്ടെടുക്കുന്നതിന് കൂടുതല്‍ തൊഴിലാളികളെയും ഉപകരണങ്ങളും എത്തിക്കാമെന്ന് കരാര്‍ കമ്പനി സമ്മതിച്ചിട്ടുണ്ട്. വയബിലിറ്റി ഗ്യാപ് ഫണ്ട് (ഢഏഎ) ന്‍റെ കേന്ദ്രസര്‍ക്കാര്‍ വിഹിതം അനുവദിക്കുവാന്‍ തത്വത്തില്‍ ധാരണയായിട്ടുണ്ട്. അതിന്‍റെ തുടര്‍ നടപടികള്‍ ത്വരിതപ്പെടുത്തുവാന്‍ തുറമുഖവകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ട വിഹിതം സംബന്ധിച്ചും താമസം കൂടാതെ നടപടികള്‍ സ്വീകരിക്കും.
പ്രദേശ വാസികള്‍ക്ക് തൊഴില്‍ ലഭിക്കുന്ന പ്രൊജക്ടുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് കരാര്‍ കമ്പനി ഉറപ്പ് നല്‍കിയിട്ടുണ്ട്. യോഗത്തില്‍ തുറമുഖ വകുപ്പ് സെക്രട്ടറി കെ.ബിജു, വിസില്‍ മാനേജിംഗ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, അദാനി തുറമുഖ കമ്പനി സി.ഇ.ഒ രാജേഷ് ഝാ, ഓപ്പറേഷന്‍ മാനേജര്‍ സുശീല്‍ നായര്‍ തുറമുഖ വകുപ്പിലെയും വിഴിഞ്ഞം തുറമുഖ കമ്പനിയിലെയും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.