ന്യൂഡല്‍ഹി: നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ചതിന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്.ജീവനക്കാരെ കൃത്യനിര്‍വഹണം നടത്തുന്നതില്‍ നിന്നും തടസ്സപ്പെടുത്തി എന്നാരോപിച്ചും നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 186 (സര്‍ക്കാര്‍ ജീവനക്കാരെ തടയല്‍), 188 (ഉത്തരവുകള്‍ അനുസരിക്കാതിരിക്കല്‍), 332 (കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍) എന്നിവ പ്രകാരം തുഗ്ലക് പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി ഡി.സി.പി അമൃത ഗുഗുലോത്ത് പറഞ്ഞു.144 വകുപ്പ് ലംഘിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 188 പ്രകാരം കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ മറ്റൊരു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് അറിയിച്ചു.പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടും കോണ്‍ഗ്രസ് നേതാക്കള്‍ സംഘം ചേരുകയും അക്ബര്‍ റോഡ്, വിജയ് ചൗക്ക്, ജന്തര്‍ മന്തര്‍ എന്നിവിടങ്ങളില്‍ പ്രതിഷേധം നടത്തിയതായും പൊലീസ് പറഞ്ഞു. സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നതിനിടെ ഉദ്യോഗസ്ഥരെ മര്‍ദിച്ചതായും പൊലീസ് ആരോപിച്ചു.വിലക്കയറ്റം, തൊഴിലില്ലായ്മ, അവശ്യ സാധനങ്ങളുടെ ജി.എസ്.ടി വര്‍ധന എന്നിവക്കെതിരെ കറുത്തവസ്ത്രങ്ങളണിഞ്ഞ് പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍ വെള്ളിയാഴ്ച തെരുവിലിറങ്ങിയിരുന്നു. പാര്‍ലമെന്‍റ് സമ്മേളനം ബഹിഷ്കരിച്ച് എല്ലാ പാര്‍ട്ടി എം.പിമാരും എ.ഐ.സി.സി ഭാരവാഹികളും കോണ്‍ഗ്രസ് ഓഫിസിനു മുന്നില്‍ പ്രതിഷേധ മാര്‍ച്ചിന് ഒത്തുകൂടി. എന്നാല്‍ മാര്‍ച്ച് അനുവദിക്കാതെ രാഹുല്‍ ഗാന്ധി, പ്രിയങ്കഗാന്ധി അടക്കമുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.