കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച അഞ്ചുവയസ്സുകാരിക്കൊപ്പം മൂന്നിയൂര്‍ കളിയാട്ടമുക്കിലെ കടലുണ്ടിപ്പുഴയില്‍ കുളിച്ച മറ്റു നാല് കുട്ടികളുടെയും പരിശോധനാ ഫലം നെഗറ്റീവ്. നിലവില്‍ രോഗം സ്ഥിരീകരിച്ച കുട്ടിയുടെ 12 വയസ്സുള്ള സഹോദരിയുടെയും പിതൃസഹോദരന്‍റെ മൂന്നര വയസ്സുള്ള മകന്‍റെയും ഏഴു വയസ്സുള്ള മകളുടെയും മറ്റൊരു കുട്ടിയുടെയും പരിശോധനാഫലമാണ് നെഗറ്റീവായത്.
അഞ്ചുവയസ്സുകാരി അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ വെന്‍റിലേറ്ററില്‍ തുടരുകയാണ്. മുന്നിയൂരിലെ പുഴയില്‍ കുടുംബത്തോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു കുട്ടി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് മേയ് പത്തിനാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.