നിരക്ക് വര്‍ധന വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രം: മന്ത്രി ആന്‍റണി രാജു

Latest News

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധന വിശദ പരിശോധനയ്ക്കുശേഷം മാത്രമേ നടപ്പിലാക്കുകയുള്ളൂവെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു.ഫെയര്‍ സ്റ്റേജുകളും നിരക്കുകളും പുനഃക്രമീകരിക്കാനും മന്ത്രി ആവശ്യപ്പെട്ടു.ഗതാഗത സെക്രട്ടറി ബിജു പ്രഭാകറും ഗതാഗത കമ്മിഷണര്‍ എം ആര്‍ അജിത്കുമാറും പങ്കെടുത്ത ഉന്നത തല യോഗത്തിലാണ് നിര്‍ദേശം.
ഫാസ്റ്റിലും സൂപ്പര്‍ ക്ലാസ് ബസുകളിലും നിരക്കുവര്‍ധന നടപ്പാക്കിയാല്‍ ജനത്തിനു താങ്ങാന്‍ കഴിയില്ലെന്ന് ഗതാഗത സെക്രട്ടറി ചൂണ്ടിക്കാട്ടിയതോടെയാണ് ഫെയര്‍ സ്റ്റേജുകളും നിരക്കുകളും പുനഃക്രമീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്. കെഎസ്ആര്‍ടിസി തയാറാക്കിയ നിരക്കു വര്‍ധനയുടെ ശുപാര്‍ശയും പുനഃക്രമീകരിക്കാന്‍ നിര്‍ദേശിച്ചു. ഈ ശുപാര്‍ശകളും,ഓട്ടോ ടാക്സി നിരക്കു വര്‍ധനയ്ക്കുള്ള ശുപാര്‍ശയും ഒരുമിച്ചാകും മന്ത്രിസഭയുടെ പരിഗണനയ്ക്കു വയ്ക്കുക.2.5 കിലോമീറ്ററിനു 10 രൂപയെന്ന നിലവില്‍ പ്രഖ്യാപിച്ച മിനിമം നിരക്കില്‍ വ്യത്യാസമുണ്ടായേക്കില്ല.2018ല്‍ മിനിമം നിരക്ക് 5 കിലോമീറ്ററിന് 7 രൂപയായിരുന്നു.
കൊവിഡ് സമയത്ത് പകുതി സീറ്റുകളില്‍ മാത്രം യാത്ര അനുവദിച്ചപ്പോഴാണ് 2.5 കിലോമീറ്ററിന് 8 രൂപയായി മിനിമം നിരക്ക് പുതുക്കിയത്. ഇപ്പോള്‍ തീരുമാനിച്ച നിരക്കുവര്‍ധന പ്രകാരം മിനിമം ദൂരം 2.5 കിലോമീറ്ററായി നിലനിര്‍ത്തുകയും അതിനുള്ള നിരക്ക് 8 രൂപയില്‍നിന്നു 10 രൂപയാക്കുകയും ചെയ്തു. പിന്നീടു വരുന്ന ഓരോ കിലോമീറ്ററിനുമുള്ള നിരക്ക് 90 പൈസയില്‍നിന്ന് ഒരു രൂപയുമാക്കി. ഇതു പിന്നീടുള്ള ഓരോ ഫെയര്‍ സ്റ്റേജിലുമെത്തുമ്പോള്‍ വലിയ വര്‍ധനയ്ക്കു കാരണമാകുമെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *