ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റതോഴി വി കെ ശശികല മദ്രാസ് ഹൈക്കോടതിയിലേക്ക്. അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് തന്നെ പുറത്താക്കിയത് ചട്ടവിരുദ്ധമാണെന്നാണ് ശശികലയുടെ ആരോപണം.
ജനറല്‍ കൗണ്‍സില്‍ വിളിക്കാന്‍ അധികാരം നല്‍കണമെന്ന് കൂടി ആവശ്യപ്പെട്ടാണ് ശശികല കോടതിയെ സമീപിക്കുന്നത്. നാല് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ശശികല തമിഴ്നാട്ടില്‍ തിരിച്ചെത്തിയത്. ഗംഭീര വരവേല്‍പ്പായിരുന്നു അനുയായികള്‍ ശശികലയ്ക്ക് നല്‍കിയത്. താന്‍ സജീവ രാഷ്ട്രീയത്തില്‍ ഉണ്ടാകുമെന്ന് ശശികല വ്യക്തമാക്കിയിരുന്നു.ശക്തിപ്രകടനത്തിന് പിന്നാലെ നിര്‍ണ്ണായക ചര്‍ച്ചകള്‍ക്ക് ഒരുങ്ങുകയാണ് ശശികല പക്ഷം. താന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാണെന്ന് അവകാശപ്പെട്ട് എംഎല്‍എമാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നു. 123 പേരില്‍ അറുപത് എംഎല്‍എമാര്‍ പിന്തുണ അറിയിച്ചതായാണ് അവകാശവാദം.അതേസമയം ശശികലയുടെ 250 കോടിയുടെ സ്വത്തുക്കള്‍ കൂടി തമിഴ്നാട് സര്‍ക്കാര്‍ കണ്ടുകെട്ടി. ബിനാമി പേരിലുള്ള കാഞ്ചീപുരത്തെ 144 ഏക്കര്‍ ഫാം ഹൗസ്, ചെന്നൈ അതിര്‍ത്തിയിലെ 14 ഏക്കര്‍ ഭൂമി, മൂന്ന് വസതികള്‍ എന്നിവയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ദിവസങ്ങള്‍ക്ക് മുന്നില്‍ ചെന്നൈയിലുള്ള ശശികലയുടെ 100 കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു.