തിരുവനന്തപുരം: നിയമസഭ സമ്മേളനം പുന:ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സ്പീക്കര്‍ എ.എന്‍. ഷംസീറിന് കത്ത് നല്‍കി. പാര്‍ലമെന്‍ററികാര്യ മന്ത്രി കെ. രാധാകൃഷ്ണനും കത്ത് നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് കത്ത് നല്‍കിയത്.ബജറ്റ് ഫെബ്രുവരി രണ്ടിന് അവതരിപ്പിക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. കെ.പി.സി.സിയുടെ രാഷ്ട്രീയജാഥ നടക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കത്ത്.ഫെബ്രുവരി ഒമ്പത് മുതല്‍ 25 വരെ ജാഥയില്‍ പങ്കെടുക്കാന്‍ കഴിയുന്ന രീതിയില്‍ സമ്മേളനം പുന:ക്രമീകരിക്കണം എന്നാണ് ആവശ്യം. ജനുവരി 25 ന് നിയമസഭ സമ്മേളനം തുടങ്ങാനാണ് മന്ത്രിസഭ യോഗം കഴിഞ്ഞദിവസം തീരുമാനിച്ചത്.
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭ ആരംഭിക്കുക. സംസ്ഥാന ബജറ്റ് ഫെബ്രുവരി അഞ്ചിനുമാണ് നിശ്ചയിച്ചിട്ടുള്ളത്.ബജറ്റിന്‍മേലുള്ള ചര്‍ച്ച ഫെബ്രുവരി അഞ്ച്, ആറ് തീയതികളില്‍ ക്രമീകരിക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. കെ.പി.സി.സിയുടെ മാര്‍ച്ച് കണ്ടാണ് സര്‍ക്കാര്‍ നിയമസഭ സമ്മേളനം ക്രമീകരിച്ചതെന്ന വിമര്‍ശനം പ്രതിപക്ഷത്തിനുണ്ട്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസഡന്‍റ് കെ. സുധാകരനും ചേര്‍ന്നാണ് സമരാഗ്നി എന്ന പേരിലുള്ള ജാഥ നയിക്കുന്നത്.