നിയമസഭ കാണാന്‍ ഇടമലക്കുടിയിലെ വിദ്യാര്‍ഥിനികള്‍

Latest News

തിരുവനന്തപുരം : പഠന, വിനോദയാത്രയുടെ ഭാഗമായി ഇടമലക്കുടിയില്‍നിന്നു വിദ്യാര്‍ഥിനികള്‍ നിയമസഭ സന്ദര്‍ശിച്ചു. സഭാ നടപടികള്‍ വീക്ഷിച്ച വിദ്യാര്‍ഥിനികള്‍ മുഖ്യമന്ത്രി പിണറായി വിജയനും പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കവിഭാഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനുമൊപ്പം കുശലം പറഞ്ഞും ഫോട്ടോയെടുത്തുമാണു മടങ്ങിയത്.
പട്ടികവര്‍ഗ വികസന വകുപ്പിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പഠനയാത്രയുടെ ഭാഗമായാണു വിദ്യാര്‍ഥിനികള്‍ നിയമസഭ കാണാനെത്തിയത്. മൂന്നാര്‍ പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാര്‍ഥികളാണ് ഇവര്‍. യാത്രയുടെ ഭാഗമായി കൊച്ചിയില്‍നിന്നു തിരുവനന്തപുരത്തേക്കു വിമാനയാത്രയ്ക്ക് അവസരമൊരുക്കിയിരുന്നു.
തിരുവനന്തപുരത്ത് ചരിത്ര പ്രധാന്യമുള്ള സ്ഥലങ്ങളും കണ്ട് കൊച്ചിയിലേക്കു ട്രെയിനിലാണ് ഇവരുടെ മടക്കയാത്ര. ഊരുമൂപ്പന്‍ പവന്‍, ഇടമലക്കുടി ഗ്രാമപഞ്ചായത്ത് അംഗം ഷണ്‍മുഖം എന്നിവരും വിദ്യാര്‍ഥിനികള്‍ക്കൊപ്പമുണ്ടായിരുന്നു. നിയമസഭയിലെത്തിയ വിദ്യാര്‍ഥികള്‍ക്കൊപ്പം പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ വിനയ് ഗോയല്‍ അടക്കമുള്ള ഉദ്യോഗസ്ഥ സംഘവുമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *