തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസ് കോടതിയില്‍. കേസുമായി ബന്ധപ്പെട്ട് വിചാരണ ആരംഭിക്കാനിരിക്കെയാണ് പോലീസിന്‍റെ നീക്കം. തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ ഒട്ടേറെ വസ്തുതകള്‍ കൂടി അന്വേഷിക്കാനുണ്ടെന്നും പോലീസ് ഹര്‍ജിയില്‍ പറയുന്നു.കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് വീണ്ടും തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചിരിക്കുന്നത്. കേസില്‍ വിചാരണ തീയതി നിശ്ചയിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് നടപടി. 2015 മാര്‍ച്ച് 13-ന് മുന്‍ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷം തടയാന്‍ ശ്രമിച്ചതാണ് നിയമസഭയില്‍ കയ്യാങ്കളിയിലേക്ക് നയിച്ചത്.
ബാര്‍ കോഴ അഴിമതിയില്‍ കെ.എം മാണിക്ക് പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. സംഘര്‍ഷത്തിനിടെ നിയമസഭയിലുണ്ടാക്കിയ നഷ്ടം ചൂണ്ടിക്കാണിച്ചാണ് പോലീസ് കേസെടുത്തിരുന്നത്.