നിയമസഭാ ലൈബ്രറിയുടെ നൂറാം വാര്‍ഷികാഘോഷം സ്പീക്കര്‍ ഉദ്ഘാടനം ചെയ്യും

Latest News

തിരുവനന്തപുരം : നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള പരിപാടി സെപ്റ്റംബര്‍ 17, 18 തീയതികളിലായി കോഴിക്കോട് നടക്കാവ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഫോര്‍ ഗേള്‍സില്‍ നടക്കും.
പരിപാടിയുടെ ഉദ്ഘാടനം 17ന് രാവിലെ 11 ന് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നിര്‍വഹിക്കും. ചടങ്ങില്‍ മന്ത്രിമാര്‍, പാര്‍ലമെന്‍റ് അംഗങ്ങള്‍, മുന്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍, സാമാജികര്‍, മുന്‍ സാമാജികര്‍, തദ്ദേശസ്വയംഭരണ പ്രതിനിധികള്‍, ലൈബ്രറി കൗണ്‍സില്‍ അംഗങ്ങള്‍, സാഹിത്യകാരന്‍മാര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക്ശേഷം 2.30 ന് ‘വായനയും സ്ത്രീ മുന്നേറ്റവും എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ കാനത്തില്‍ ജമീല എം. എല്‍. എ. സ്വാഗതം പറയും. ഡോ. കെ. പി. സുധീര വിഷയം അവതരിപ്പിക്കും. ജാനമ്മ കുഞ്ഞുണ്ണി, കെ. പി. മോഹനന്‍, ബി. എം. സുഹറ, രാഹുല്‍ മണപ്പാട്ട് എന്നിവര്‍ പങ്കെടുക്കും. ഡോ. മിനി പ്രസാദ് സെമിനാറിന്‍റെ മോഡറേറ്ററായിരിക്കും. തുടര്‍ന്ന് അരങ്ങ്, കൊയിലാണ്ടി അവതരിപ്പിക്കുന്ന ‘നാട്ടുണര്‍വ്: നാടന്‍പാട്ടും ദൃശ്യാവിഷ്ക്കാരവും’ അരങ്ങേറും. സെപ്റ്റംബര്‍ 17, 18 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ നിയമസഭാ സമാജികരുടെ രചനകളുടെ പ്രദര്‍ശനം, നിയമസഭാ ലൈബ്രറിയെക്കുറിച്ചുള്ള ലഘു വീഡിയോ പ്രദര്‍ശനം, നിയമസഭാ മ്യൂസിയത്തിന്‍റെ ചരിത്ര പ്രദര്‍ശനം എന്നിവയും ഉണ്ടായിരിക്കും.
ലൈബ്രറി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി രാവിലെ നിയമസഭാ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ്, ലൈബ്രറി അഡ്വൈസറി കമ്മിറ്റി ചെയര്‍മാന്‍ തോമസ് കെ. തോമസ് എം.എല്‍.എ, അംഗം എം.കെ. മുനീര്‍ എം.എല്‍.എ. എന്നിവര്‍ എം. ടി. വാസുദേവന്‍ നായരുടെ ഗൃഹം സന്ദര്‍ശിച്ച് അദ്ദേഹത്തെ ആദരിക്കുകയും വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകം സന്ദര്‍ശിച്ച് സ്മരണാഞ്ജലി അര്‍പ്പിക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *