തിരുവനന്തപുരം : നിയമസഭാ ലൈബ്രറി ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായി കഴിഞ്ഞമാസം ഏഴു ദിവസം നിയമസഭാ മന്ദിരത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വിറ്റഴിഞ്ഞത് ഏഴുകോടിയിലേറെ രൂപയുടെ പുസ്തകം.വന്‍കിട, ചെറുകിട വ്യത്യാസമില്ലാതെ പ്രസാധര്‍ക്കെല്ലാം വലിയ തോതില്‍ പുസ്തക വില്‍പ്പനയ്ക്ക് മേള സഹായിച്ചതായി സ്പീക്കര്‍ എ എന്‍ ഷംസീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഒരുലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പുസ്തകോത്സവ വേളയില്‍ നിയമസഭ സന്ദര്‍ശിച്ചതായി കണക്കാക്കുന്നു. മേളയില്‍ എത്തിച്ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിയമസഭാ മ്യൂസിയം, നിയമസഭാ ഹാള്‍ എന്നിവ കാണുന്നതിനും, നേപ്പിയര്‍ മ്യൂസിയവും മൃഗശാലയും സൗജന്യമായി സന്ദര്‍ശിക്കുന്നതിനും ക്രമീകരണമൊരുക്കി. രാജ്യത്തെ നിയമസഭകളുടെ ചരിത്രത്തില്‍ത്തന്നെ ആദ്യമായി സംഘടിപ്പിക്കപ്പെട്ട മേളയില്‍ എണ്‍പത്തിയെട്ട് പ്രസാധകര്‍ പങ്കെടുത്തു. 124 സ്റ്റാള്‍ സജ്ജീകരിച്ചു.
സാഹിത്യോത്സവത്തില്‍ ഇരുനൂറോളം മുന്‍നിര വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. 95 പുസ്തകം പ്രകാശിപ്പിച്ചു. കവിയരങ്ങ്, സ്മൃതിസന്ധ്യ, സെമിനാര്‍, കഥ പറയല്‍, കവിയും കുട്ടികളും തുടങ്ങിയ പരിപാടികളും നടന്നു. പൊതുജനങ്ങള്‍ക്കായി തുറന്നുവച്ച നിയമസഭാ മന്ദിരം മൂന്നുലക്ഷത്തോളം പേര്‍ സന്ദര്‍ശിച്ചതായും സ്പീക്കര്‍ പറഞ്ഞു.