കോഴിക്കോട്: പഞ്ചായത്ത് തെരഞ്ഞെടുപ്പിലേതു പോലെ നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിലും വനിതാ സംവരണം നടപ്പാക്കണമെന്ന വനിതാ നേതാക്കള്‍ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കാലിക്കട്ട് പ്രസ്ക്ലബ് വനിതാസബ്കമ്മിറ്റി സംഘടിപ്പിച്ച ‘തെരഞ്ഞെടുപ്പും കുറയുന്ന സ്ത്രീ പ്രാതിനിധ്യവും’ സംവാദ പരിപാടിയിലാണ് ഇതുസംബന്ധിച്ച അഭിപ്രായമുയര്‍ന്നത്.
പാര്‍ട്ടി നേതൃത്വങ്ങളില്‍ കൂടുതല്‍ സ്ത്രീകള്‍ എത്തിയാല്‍ മാത്രമേ പാര്‍ലിമെന്ററി പദവികളിലും സ്ത്രീകള്‍ക്ക് അവസരമുണ്ടാവൂ. ലഭിച്ച പദവികളില്‍ കഴിവ് തെളിയിക്കപ്പെട്ടിട്ടും കേരളം പോലെ ജനാധിപത്യമൂല്യം സംരക്ഷിക്കുന്ന സംസ്ഥാനത്ത് ഇതുവരെയും ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടില്ലെന്നത് ഏറെ ചോദ്യം ചെയ്യേണ്ട വിഷയമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. അഡീഷണല്‍ ഗവ. പ്ലീഡര്‍ അഡ്വ.പി.എം. ആതിര, കെപിസിസി സെക്രട്ടറി പി.ഉഷാദേവി, ബിജെപി ജില്ലാ സെക്രട്ടറി നവ്യ ഹരിദാസ്, എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വിവിധ മേഖലകളിലെ വനിതകളുടെ കൂട്ടായ്മയായ സായയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ കൈകൊട്ടിക്കളി കലാകാരി കമലം നമ്പൂതിരി, സൈക്ലിംഗ് ചാമ്പ്യന്‍ മീനാക്ഷി എന്നിവരെ ആദരിച്ചു. കാലിക്കട്ട് പ്രസ്ക്ലബ് സബ്കമ്മിറ്റി കണ്‍വീനര്‍ അഞ്ജന ശശി അധ്യക്ഷത വഹിച്ചു. ജോ.കണ്‍വീനര്‍ ബി.സൂര്യ ചര്‍ച്ച നിയന്ത്രിച്ചു. കെയുഡബ്ല്യുജെ സംസ്ഥാന വൈസ്പ്രസിഡന്റ് പി.വി. കുട്ടന്, കാലിക്കറ്റ് പ്രസ് ക്ലബ് ജോ. സെക്രട്ടറി ഫസ്ന ഫാത്തിമ, സായ പ്രസിഡന്റ് സാജിത കമാല്‍, ഡോ.സുഷമ, ഗീതാ മുരളി എന്നിവര്‍ പ്രസംഗിച്ചു.
