തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി കേസില്‍ തിരുവനന്തപുരം സിജെഎം കോടതി പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. കുറ്റം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ കുറ്റം നിഷേധിച്ചു.
കേസ് ഈ മാസം 26 ന് വീണ്ടും പരിഗണിക്കും. ഇ.പി.ജയരാജന്‍ അസുഖം കാരണം ഹാജരാകാനാകില്ലെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. അന്ന് ഇ.പി.ജയരാജന്‍ നിര്‍ബന്ധമായി ഹാജരാകണമെന്ന് കോടതി അറിയിച്ചു. വിചാരണ തീയതി അന്ന് തീരുമാനിക്കും
2015 മാര്‍ച്ച് 13ന് ബാര്‍ കോഴക്കേസില്‍ പ്രതിയായ കെ.എം.മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷം തടസപ്പെടുത്തുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. വി.ശിവന്‍കുട്ടി, ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍ എംഎല്‍എ, കെ.അജിത്, സി.കെ.സദാശിവന്‍, കെ.കുഞ്ഞുമുഹമ്മദ് എന്നിവരാണ് പ്രതികള്‍.
സംഘര്‍ഷത്തിനിടെ 2.20 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കുറ്റപത്രം. വിചാരണ നടപടി സ്റ്റേ ചെയ്യണമെന്ന വി ശിവന്‍കുട്ടിയുടെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.