. ഇന്ന് കക്ഷിനേതാക്കളുടെ യോഗം
തിരുവനന്തപുരം : നിയമസഭയിലെ സംഘര്‍ഷത്തിന് പിന്നാലെ അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി. കെ.കെ.രമ, ഉമ തോമസ്, സനീഷ് കുമാര്‍ ജോസഫ്, ടി.വി.ഇബ്രാഹിം, എ.കെ.എം അഷ്റഫ് എന്നിവരാണ് പരാതി നല്‍കിയത്. എംഎല്‍എമാരെ മര്‍ദിച്ച വാച്ച് ആന്‍ഡ് വാര്‍ഡുകള്‍ക്ക് എതിരെ നടപടി വേണം എന്ന ആവശ്യമാണ് പരാതിയില്‍ ഇവര്‍ ഉന്നയിച്ചത്. അതേസമയം നിയമസഭയിലെ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ സ്പീക്കര്‍ കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. ഇന്ന് രാവിലെ എട്ടു മണിക്കാണ് യോഗം. പ്രതിപക്ഷം പങ്കെടുക്കും.അടിയന്തിരപ്രമേയ നോട്ടീസ് തുടര്‍ച്ചയായി നിരാകരിച്ചതിനെതിരെ സ്പീക്കറുടെ ഓഫീസ് പ്രതിപക്ഷം ഉപരോധിക്കുന്നതിനിടെയാണ് പ്രതിഷേധം സംഘര്‍ഷത്തിലേക്ക് മാറിയത്. പ്രതിപക്ഷവും വാച്ച് ആന്‍റ് വാര്‍ഡും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഭരണപക്ഷ എംഎല്‍എമാരും ആക്രമിച്ചെന്ന് പ്രതിപക്ഷം പരാതിപ്പെട്ടു. സംഘര്‍ഷത്തില്‍ കെ.കെ.രമ, സനീഷ് കുമാര്‍ ജോസഫ് എന്നീ എംഎല്‍എമാര്‍ക്കും വനിതകളടക്കം എട്ടു വാച്ച് ആന്‍റ് വാര്‍ഡിനും പരിക്കേറ്റു.
ഇതുവരെ കാണാത്ത പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷത്തിനുമാണ് കേരള നിയമസഭാ ഇന്നലെ രാവിലെ സാക്ഷ്യം വഹിച്ചത്. നിയമസഭാ മന്ദിരത്തിലെ സ്പീക്കറുടെ ഓഫീസ് പരിസരത്തായിരുന്നു പോര്. പോത്തന്‍കോട് പെണ്‍കുട്ടിക്ക് നേരെയുണ്ടായ അക്രമം മുന്‍നിര്‍ത്തിയുള്ള സ്ത്രീസുരക്ഷയിലെ അടിയന്തിര പ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളിയതാണ് സംഘര്‍ഷത്തിലേക്ക് എത്തിച്ചത്.
അതിനിടെ നിയമസഭാ മന്ദിരത്തിലെ സംഘര്‍ഷത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി കേരള പൊലീസ് അസോസിയേഷന്‍. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നാണ് കത്തില്‍ ഉന്നയിക്കുന്ന ആവശ്യം. ജനപ്രതിനിധികളുടെ ഭാഗത്തു നിന്ന് വാച്ച് ആന്‍ഡ് വാര്‍ഡര്‍മാര്‍ക്കെതിരെ നടന്ന ആക്രമണം ഗൗരവമുള്ളതാണെന്ന് പരാതിയില്‍ പറയുന്നു.