തിരുവനന്തപുരം : വിദേശത്തേക്ക് നിയമവിരുദ്ധമായി നടത്തുന്ന റിക്രൂട്ട്മെന്‍റുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത്തരം റിക്രൂട്ട്മെന്‍റുകള്‍ നടത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ പോലീസ് കൈക്കൊള്ളുന്ന നടപടികള്‍ പരസ്യമാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. വ്യാജ റിക്രൂട്ട്മെന്‍റ് ഏജന്‍സികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കല്‍ ‘ഓപ്പറേഷന്‍ ശുഭയാത്ര’യുമായി ബന്ധപ്പെട്ട് വിളിച്ച യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.പരാതികളയക്കാനും ആവശ്യമായ ഇടപെടലുകള്‍ നടത്താനുമുള്ള സംവിധാനം ഏര്‍പ്പെടുത്തും. പോലീസ് വകുപ്പ്, പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍റ്സ്, നോര്‍ക്കാ റൂട്ട്സ് എന്നിവര്‍ ചേര്‍ന്ന് ടാസ്ക് ഫോഴ്സ് രൂപീകരിക്കും. പരാതികള്‍ നല്‍കാനും മറ്റുമായി പ്രത്യേക ഇ-മെയില്‍ വിലാസവും ബന്ധപ്പെടേണ്ട നമ്പരും നല്‍കും. പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കണം. വിദേശത്ത് ജോലി ചെയ്യുന്നവരുടെ വിവരങ്ങള്‍, കുടിയേറ്റ നിയമങ്ങള്‍, തൊഴില്‍പരമായ കാര്യങ്ങള്‍, യാത്രാ അറിയിപ്പുകള്‍ എന്നിവ സംബന്ധിച്ച് ബോധവല്‍ക്കരണവും നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.യോഗത്തില്‍ സംസ്ഥാന പോലീസ് മേധാവി, നോര്‍ക്കാ റൂട്ട്സ്, പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍റ്സ് അധികൃതര്‍ തുടങ്ങിയവര്‍ സംസാരിച്ചു.