നിയമവിരുദ്ധ മത്സ്യബന്ധനം : കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍

Top News

തിരുവനന്തപുരം: കേരള തീരക്കടലില്‍ അശാസ്ത്രീയവും നിയമവിരുദ്ധവുമായ രീതിയില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ക്കും യാനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.കേരള തീരക്കടലിലെ അശാസ്ത്രീയ മത്സ്യബന്ധനം തടയുന്നതിനുവേണ്ടി കെഎംഎഫ്ആര്‍ കാലോചിതമായി പരിഷ്ക്കരിക്കുകയും പുതിയ ചട്ടങ്ങള്‍ ഉത്തരവാകുകയും ചെയ്തിട്ടുണ്ട്.പുതുക്കിയ ചട്ടങ്ങള്‍ പ്രകാരം ട്രോള്‍ വലകളുടെ കോഡ് എന്‍റില്‍ സ്ക്വയര്‍ മെഷ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പ്രധാന വലകളുടെ പരമാവധി വലിപ്പവും, കുറഞ്ഞ കണ്ണിവലിപ്പവും നിശ്ചയിച്ചിട്ടുണ്ട്. പേഴ്സിന്‍, പെലാജിക് ട്രോള്‍, മിഡ് വാട്ടര്‍ ട്രോള്‍, ബുള്‍ ട്രോള്‍ (പെയര്‍ ട്രോള്‍) എന്നിവ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. പുതുക്കിയ ചട്ടം അനുസരിച്ച് നശീകരണ മത്സ്യബന്ധന രീതികളായ ഡൈനാമൈറ്റ് പോലുള്ള സ്ഫോടക വസ്തുക്കള്‍, വിഷം, മറ്റ് മാരകമായ രാസവസ്തുക്കള്‍, കൃത്രിമ പ്രകാശം എന്നിവ ഉപയോഗിച്ചുളള മത്സ്യബന്ധനവും, തെങ്ങിന്‍റെ ക്ലാഞ്ഞില്‍, വൃക്ഷ ശിഖരങ്ങള്‍ എന്നിവ ഉപയോഗിച്ചും പ്ലാസ്റ്റിക് ബോട്ടിലുകള്‍, ഉപയോഗശൂന്യമായ വല എന്നിവ കൂട്ടികെട്ടിയുമുള്ള മത്സ്യബന്ധനവും നിരോധിച്ചിട്ടുണ്ട്.സിഎംഎഫ്ആര്‍ഐയുടെ റിപ്പോര്‍ട്ടിന്‍റെയും ശുപാര്‍ശയുടെയും അടിസ്ഥാനത്തില്‍ കേരളതീരത്ത് സുലഭമായ 58 ഇനം മത്സ്യ ഇനങ്ങളുടെ കാര്യത്തില്‍ നിയമപരമായി പിടിച്ചെടുക്കാവുന്ന ഏറ്റവും കുറഞ്ഞ വലിപ്പം നിശ്ചയിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ട്രോളിംഗ് നിരോധനം നിലനില്ക്കുന്ന കാലയളവ് കേരളത്തില്‍ സുലഭമായ പ്രധാന മത്സ്യങ്ങളുടെ പ്രജനന കാലമാണ്. എന്നാല്‍ ഈ മത്സ്യങ്ങളെ പരമ്പരാഗത വള്ളങ്ങള്‍ അശാസ്ത്രീയ മത്സ്യബന്ധനത്തിലൂടെ പിടിച്ച് വളത്തിനായി വില്പന നടത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.ചെറുമത്സ്യങ്ങളെ ഇങ്ങനെ വന്‍തോതില്‍ പിടിച്ച് നശിപ്പിക്കുന്നത് കടല്‍മത്സ്യസമ്പത്തിന്‍റെ ശോഷണത്തിന് കാരണമാകുമെന്നതിനാല്‍ അത്തരം തെറ്റായ മത്സ്യബന്ധന രീതികളില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ വിട്ടുനില്ക്കണം. ഇക്കാര്യം ഉറപ്പുവരുത്താനായി സംസ്ഥാനത്തെ എല്ലാ ഹാര്‍ബറുകളിലും ലാന്‍റിംഗ് സെന്‍ററുകളിലും പരിശോധന ശക്തമാക്കും. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ യാനത്തിന്‍റെ രജിസ്ട്രേഷനും ലൈസന്‍സും റദ്ദു ചെയ്യുന്നതുള്പ്പെടെയുള്ള കര്ശനനടപടികള് സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *