തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച തലസ്ഥാന നഗരസഭയിലെ നിയമന ശുപാര്‍ശ കത്ത് വിവാദം ഓംബുഡ്സ്മാന്‍ അന്വേഷിക്കേണ്ടെന്ന് നഗരസഭ.ഓംബുഡ്സ്മാന് നല്‍കിയ മറുപടി കത്തിലാണ് നഗരസഭ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.കത്ത് വിവാദം ഹൈക്കോടതിയുടെ പരിഗണനയിലാണ്. മാത്രമല്ല പൊലീസ് അന്വേഷണവും ഒപ്പം നടക്കുന്നുണ്ട് അതിനാല്‍ ഓംബുഡ്സ്മാന്‍ അന്വേഷിക്കേണ്ടെന്നാണ് നഗരസഭ സെക്രട്ടറി നല്‍കിയ മറുപടിയിലുളളത്.യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റായ സുധീര്‍ ഷാ പാലോട് നല്‍കിയ പരാതിയിലാണ് ഓംബുഡ്സ്മാന്‍ നഗരസഭയ്ക്ക് നോട്ടീസ് നല്‍കിയത്. മേയര്‍ ആര്യാ രാജേന്ദ്രന്‍ ശുപാര്‍ശ കത്ത് വ്യാജമാണെന്ന് പ്രാഥമികാന്വേഷണ സമയത്ത് മൊഴി നല്‍കിയതോടെ ആര്യയുടെ മൊഴിയില്‍ കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. കേസില്‍ നാളെ മേയറുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. പിന്നാലെ ജീവനക്കാരെയും ചോദ്യം ചെയ്യും. പ്രശ്നത്തില്‍ യഥാര്‍ത്ഥ കത്ത് കണ്ടിട്ടില്ലെന്നും വാട്സാപ്പ് കോപ്പി മാത്രമാണ് കണ്ടതെന്നും പ്രാഥമികാന്വേഷണം നടത്തവെ ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.